ക്രിക്കറ്റ് വാതുവെപ്പ്: മംഗളൂരുവിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ
text_fieldsമംഗളൂരു: ക്രിക്കറ്റ് ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട വാതുവെപ്പിൽ ഏർപ്പെട്ട മൂന്നു പേർ കൂടി മംഗളൂരുവിൽ അറസ്റ്റിലായി. മൂഡബിദ്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ മർപാടി ഗ്രാമത്തിൽ ഒണ്ടിക്കട്ടെ കടൽക്കര പാർക്കിനോടനുബന്ധിച്ചാണ് വാതുവെപ്പ് കേന്ദ്രം പ്രവർത്തിച്ചത്. മർപാടിയിലെ യു.സുകേഷ് ആചാര്യ(30),പടുമർനഡു ഗ്രാമത്തിലെ ബി.ഉമേഷ്(40),മൂഡബിദ്രി പുത്തിഗെയിലെ പി.പുറന്തര കുളൽ(38) എന്നിവരാണ് അറസ്റ്റിലായത്.
പാർക്കിൽ എത്തുന്നവരെ വാതുവെപ്പിലേക്ക് ആകർഷിച്ചാണ് സംഘം പ്രവർത്തിച്ചത്. പുരന്തരയാണ് കേന്ദ്രം തുടങ്ങാൻ പണം മുടക്കിയതെന്ന് സുകേഷ് പൊലീസിനോട് പറഞ്ഞു.മുംബൈയിൽ നിന്നാണ് വെബ്സൈറ്റ് നിയന്ത്രിച്ചത്.
പണമിടപാട് ഓൺലൈനിൽ ആയതിനാൽ നോട്ടുകൾ കണ്ടെത്താനായില്ലെന്ന് റെയ്ഡിന് നേതൃത്വം നൽകിയ മൂഡബിദ്രി എസ്.ഐ സിദ്ധപ്പ നരനൂറ പറഞ്ഞു. തിങ്കളാഴ്ച സൂറത്ത്കൽ, കാവൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നായി ക്രിക്കറ്റ് വാതുവെപ്പിൽ ഏർപ്പെട്ട രണ്ടു പേരെ മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെല്യാറു ഹലെയങ്ങാടിയിലെ കെ.ദീപക്(33), കാവൂർ മറകടയിലെ സന്ദീപ് ഷെട്ടി (38) എന്നിവരായിരുന്നു അറസ്റ്റിലായത്. 31,000 രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.