വിമർശനം ഇസ്ലാമിക പഠനങ്ങൾ ജനകീയമാക്കി -ശുഐബുൽ ഹൈതമി
text_fieldsബംഗളൂരു: കാലങ്ങളെ അതിജയിക്കുന്ന ആശയബലമാണ് ഇസ്ലാമിന്റെ കരുത്തെന്നും വിമർശനങ്ങൾ ഇസ്ലാമിക പഠനങ്ങളെ ജനകീയമാക്കിയെന്നും പ്രമുഖ ഇസ്ലാമിക ചിന്തകനും എഴുത്തുകാരനുമായ ശുഐബുൽ ഹൈതമി അഭിപ്രായപ്പെട്ടു.
ബംഗളൂരു ജില്ല എസ്.വൈ.എസ് സംഘടിപ്പിച്ച ആദർശ സംഗമത്തിൽ ഇസ്ലാം, അഹ്ലുസുന്ന: ശാസ്ത്രീയം, യുക്തിഭദ്രം എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവാസ്തിക്യം, പ്രവാചകത്വം, അന്ത്യനാൾ തുടങ്ങിയ വിശ്വാസ തത്ത്വങ്ങൾ ബൗദ്ധികമായും ശാസ്ത്രീയമായും വിഷയാവതരണത്തിൽ സമർഥിക്കപ്പെട്ടു. സ്വതന്ത്രചിന്തയുടെ വിവിധ രൂപങ്ങൾ മുന്നോട്ട് വെക്കുന്ന സാമൂഹിക വീക്ഷണങ്ങൾ അശാസ്ത്രീയവും അമാനവീകവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംശയനിവാരണാവസരം ശ്രദ്ധേയമായി. പരിഹാസങ്ങൾ സംയമനത്തോടെ നേരിടാൻ ഇസ്ലാമിക പ്രബോധകർക്ക് മാത്രമേ സാധ്യമാവുകയുള്ളൂവെന്നും ആരോഗ്യകരമായ ആശയ സംവാദത്തിന് തുടർന്നും ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു.
എസ്.വൈ.എസ് ബംഗളൂരു ജില്ല പ്രസിഡന്റ് എ.കെ അഷ്റഫ് ഹാജി അധ്യക്ഷതവഹിച്ചു. എം.എം.എ. ഖത്തീബ് ഷാഫി ഫൈസി ഇർഫാനി ഉദ്ഘാടനം നിർവഹിച്ചു. ഹുസൈനാർ ഫൈസി, പ്രാർഥന നടത്തി. എസ്.വൈ.എസ് സെക്രട്ടറി ഷംസുദ്ദീൻ സാറ്റലൈറ്, ശുഐബ് ഫൈസി, മുസ്തഫ ഹുദവി കാലടി (എസ്.കെ.ജെ.എം.സി.സി) സലിം മിന്റ്, ജുനൈദ് കെ (എസ്.കെ.എസ്.എസ്.എഫ്) തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എച്ച്. ഫാറൂഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.