കോടിയിലേറെ അപേക്ഷകർ; ‘ഗൃഹജ്യോതി’ ഉദ്ഘാടനം നാളെ
text_fieldsബംഗളൂരു: ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ‘ഗൃഹജ്യോതി’ പദ്ധതിക്കായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് ഒരു കോടിയിലേറെ ആളുകൾ. ഊർജ മന്ത്രി കെ.ജെ. ജോർജ് വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതുവഴിയുള്ള ആനുകൂല്യം ഗുണഭോക്താക്കൾക്ക് ലഭിച്ചുതുടങ്ങി. പൂജ്യം എന്ന് രേഖപ്പെടുത്തിയ വൈദ്യുതി ബില്ലാണ് ഇത്തരക്കാർക്ക് കിട്ടിത്തുടങ്ങിയത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കലബുറഗിയിൽ ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും.
ബാംഗ്ലൂർ വൺ, ഗ്രാമ വൺ, സേവ ഭാരതി പോർട്ടൽ, കർണാടക വൺ ഓഫിസുകൾ എന്നിവ വഴിയാണ് പദ്ധതിക്കായി അപേക്ഷിക്കേണ്ടത്. കസ്റ്റമർ നമ്പർ, ആധാർ കാർഡ് എന്നിവ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. വാടക വീടുകളിൽ കഴിയുന്നവർക്കും ആനുകൂല്യം ലഭിക്കും. കർണാടകയിൽ താമസിക്കുന്നതായി തെളിയിക്കുന്ന ആധാർ കാർഡ് നിർബന്ധമാണ്. ടോൾ ഫ്രീ നമ്പർ: 1912.
ജൂലൈ ഒന്നുമുതൽ ആഗസ്റ്റ് ആറു വരെയുള്ള വൈദ്യുതി ബില്ലിൽ 200 യൂനിറ്റിൽ താഴെ ഉപയോഗിക്കുന്നവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും. 200 യൂനിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർക്ക് അധികം വരുന്ന യൂനിറ്റിന്റെ നിരക്ക് മാത്രം അടച്ചാൽ മതി. ജൂലൈ 27 വരെ രജിസ്റ്റർ ചെയ്തവർക്കാണ് ആദ്യഘട്ടത്തിൽ ആനുകൂല്യം ലഭ്യമാവുക. പദ്ധതിക്ക് അപേക്ഷിക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ല.
എപ്പോഴും അപേക്ഷ നൽകാം. 200 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം. നിബന്ധനകളില്ലാതെ 200 യൂനിറ്റ് വൈദ്യുതി സൗജന്യമായി നൽകുകയല്ല ചെയ്യുന്നത്. ഓരോ വീടുകളുടെയും 12 മാസത്തെ വൈദ്യുതി ബില്ലിന്റെ ശരാശരി കണക്കാക്കും. ഇതിൽ 10 ശതമാനം കൂടി ആനുകൂല്യം നൽകിയാണ് പദ്ധതിയിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.
‘ബി.എ സ്റ്റാർ’ ആഗോള
സാഹിത്യമത്സരം
ബംഗളൂരു: മോട്ടിവേഷനൽ സ്ട്രിപ്സ് ഗ്ലോബൽ അഡ്മിനിസ്ട്രേഷൻ ‘ബി എ സ്റ്റാർ’ സാഹിത്യമത്സരം എന്ന പേരിൽ പുതിയ കവിത മത്സരം നടത്തുന്നു.
ലോകമെമ്പാടുമുള്ള കവികൾ പങ്കെടുക്കുകയും അവരുടെ എഴുതിയ കവിതകൾ വിഡിയോ റെക്കോർഡിങ്ങിലൂടെ അവതരിപ്പിക്കുകയും ചെയ്യും. മോട്ടിവേഷനൽ സ്ട്രിപ്സിന്റെ സ്ഥാപകനായ ഷിജു എച്ച്. പള്ളിത്താഴത്ത്, പ്രശസ്ത മലേഷ്യൻ എഴുത്തുകാരനായ ലിലിയൻ വൂവിനെ ഇവാലുവേഷൻ ചെയർമാനായി നിയമിച്ചു.
യു.എസിൽനിന്നുള്ള എഴുത്തുകാരി ബാർബറ എഹ്റന്റ്രൂ, ഡെൻമാർക്കിൽ നിന്നുള്ള ഇവലീന മരിയ ബുഗജ്സ്ക-ജാവോർക്ക, റുമേനിയയിൽനിന്നുള്ള കോറിന ജങ്ഹിയാതു, ഇന്ത്യയിൽനിന്നുള്ള സോണിയ ബത്ര എന്നിവരടങ്ങിയ ക്രോസ് ജിയോഗ്രഫിക് ജൂറി ബോർഡും പ്രഖ്യാപിച്ചു. ഫോറം അഡ്മിനിസ്ട്രേഷൻ അംഗവും മാധ്യമവക്താവുമായ ശ്രീകല പി. വിജയനാണ് പ്രചാരണകാര്യങ്ങളുടെ ചുമതല.
മലയാളം മിഷൻ ഭാരവാഹികൾ
ബംഗളൂരു: മലയാളം മിഷൻ കർണാടക അധ്യാപക പരിശീലനത്തോടനുബന്ധിച്ച് ചേർന്ന ചാപ്റ്റർ പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെയും മേഖല കോഓഡിനേറ്റർമാരെയും തിരഞ്ഞെടുത്തു. കർണാടക സംസ്ഥാന കൺവീനർ ബിലു സി. നാരായണൻ അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികൾ: പ്രസിഡന്റ്- കെ. ദാമോദരൻ. സെക്രട്ടറി- ഹിത വേണുഗോപാൽ. ഭാഷാധ്യാപകൻ സതീഷ് കുമാർ, ആർ.വി. ആചാരി, കെ. ദാമോദരൻ, സെക്രട്ടറി ടോമി ആലുങ്ങൽ, അഡ്വ. ബുഷ്റ വളപ്പിൽ, ഷാഹിന ലത്തീഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.