കസ്റ്റഡി മരണം: മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsബംഗളൂരു: ലോക്കപ്പിൽ പ്രതി മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ എസ്.ഐ അടക്കം മൂന്നു പൊലീസുകാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഡിവൈ.എസ്.പി നന്ദകുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോലാർ ജില്ലയിലെ മുൽബാഗൽ നംഗലി പൊലീസ് സ്റ്റേഷനിലെ എസ്.ഐ പ്രദീപ് സിങ്, കോൺസ്റ്റബ്ൾമാരായ മഞ്ജുനാഥ്, മഹന്ദേഷ് പൂജാർ എന്നിവർക്കെതിരെയാണ് കേസ്. ആന്ധ്രപ്രദേശ് മനദപ്പള്ളി സ്വദേശികളായ മുനിരാജു, ബാലാജി എന്നിവരെ ഒരു കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 17ന് പ്രതികൾ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ഒക്ടോബർ ഒന്നിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മുനിരാജു മരിച്ചു. കസ്റ്റഡിയിലെടുത്ത ശേഷം 15 ദിവസത്തോളം മുനിരാജുവിനെ ചോദ്യം ചെയ്യാൻ രഹസ്യ കേന്ദ്രങ്ങളിൽ കൊണ്ടുപോയി പാർപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് പൊലീസ് സംഘം അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാർക്കെതിരെ നടപടിക്ക് ഡിവൈ.എസ്.പി ശിപാർശ ചെയ്തത്. മൂന്നു പൊലീസുകാരെയും കോലാർ എസ്.പി നാരായണ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.