അത്തിബലെയിൽ പടക്ക ഗോഡൗണിൽ തീപിടിത്തം: മരണം 14 ആയി
text_fieldsബംഗളൂരു: കർണാടക - തമിഴ്നാട് അതിർത്തിയായ അത്തിബലെയിൽ പടക്ക ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 12 പേർ സംഭവസ്ഥലത്തുനിന്നു തന്നെ മരണപ്പെട്ടിരുന്നു. രണ്ട് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.30 ഓടെ ഗോഡൗണിലേക്ക് ലോറിയിൽനിന്ന് പടക്കപ്പെട്ടികൾ ഇറക്കവെയാണ് അപകടം. സമീപത്തെ ഹൈടെൻഷൻ വൈദ്യുതി ലൈനിൽ ചരക്കുകൾ സ്പർശിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
പടക്കപ്പെട്ടികൾക്ക് തീപിടിച്ചതോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കടയുടമയടക്കം നാല് പേർ ഗുരുതര പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ബംഗളൂരു നഗരത്തിലെ ഇലക്ട്രോണിക് സിറ്റിയിൽനിന്ന് 16 കിലോമീറ്റർ അകലെയാണ് ആനേക്കൽ താലൂക്കിലെ അത്തിബലെ. ഈ മേഖലയിൽ നിരവധി പടക്ക കടകളും ഗോഡൗണുകളും പ്രവർത്തിക്കുന്നുണ്ട്. ദീപാവലി ആഘോഷക്കാലം മുന്നിൽക്കണ്ട് ലക്ഷങ്ങളുടെ വെടിമരുന്ന് ഉൽപന്നങ്ങളാണ് ഗോഡൗണിൽ എത്തിച്ചിരുന്നത്. ഇത് മുഴുവനും കത്തിയമർന്നു.
അപകട വിവരമറിഞ്ഞയുടൻ വാട്ടർ ടാങ്കറുകളടക്കം ഒമ്പത് വാഹനങ്ങളുമായി കുതിച്ചെത്തിയ അഗ്നി രക്ഷാ സേനക്ക് രാത്രി പത്തോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കാനായത്. ഫോറൻസിക് വിദഗ്ദരടങ്ങുന്ന സംഘം അപകട സ്ഥലത്തെത്തി വിവരം ശേഖരിച്ചു. മരിച്ചവരിൽ മിക്കവരും ഗോഡൗണിലെ ജീവനക്കാരാണ്. പലരും ഗോഡൗണിനകത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് അപകടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.