ആറ് മാവോവാദികൾക്കുള്ള പുനരധിവാസ തുകയിൽ തീരുമാനം
text_fieldsബംഗളൂരു: ഒളിവു പോരാട്ട ജീവിതം അവസാനിപ്പിച്ച് ആയുധം വെച്ച് കീഴടങ്ങിയ ആറ് മാവോവാദികളെയും വ്യാഴാഴ്ച ബംഗളൂരുവിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കി.
രാവിലെ വിക്ടോറിയ ആശുപത്രിയിൽ വൈദ്യ പരിശോധനക്കുശേഷമായിരുന്നു ചിക്കമഗളൂരു പൊലീസിന്റെ നേതൃത്വത്തിൽ പ്രതികളെ സിറ്റി സിവിൽ കോടതി വളപ്പിലെ എൻ.ഐ.എ പ്രത്യേക കോടതി ജഡ്ജി ഗംഗാധർ മുമ്പാകെ ഹാജരാക്കിയത്. തുടർന്ന് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
വയനാട് മക്കിമല സ്വദേശിനി ടി.എൻ. ജീഷ, തമിഴ്നാട് റാണിപേട്ട് സ്വദേശി വസന്ത്, ചിക്കമഗളൂരു ശൃംഗേരി മുന്ദഗാരു സ്വദേശിനി മുണ്ടുഗാരു ലത, കാലസ ബലഹോളെ സ്വദേശിനി വനജാക്ഷി, ദക്ഷിണ കന്നഡ ബെൽത്തങ്ങാടി കുത്തലൂർ സ്വദേശിനി സുന്ദരി, കർണാടക റായ്ച്ചൂർ സ്വദേശി മാരേപ്പ അരോടി എന്ന ജയണ്ണ എന്നിവരാണ് ബുധനാഴ്ച വൈകീട്ട് ബംഗളൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ മുമ്പാകെ കീഴടങ്ങിയത്. വനിതകളായ നാലുപേരെ ഡയറി സർക്കിളിന് സമീപത്തെ മഹിള സാന്ത്വന കേന്ദ്രത്തിലും പുരുഷന്മാരായ രണ്ടുപേരെ മടിവാള ഫോറൻസിക് ലബോറട്ടറി സ്പെഷൽ സെല്ലിലുമാണ് ബുധനാഴ്ച രാത്രി പാർപ്പിച്ചത്.
അതേസമയം, കീഴടങ്ങിയ മാവോവാദികൾക്കുള്ള പുനരധിവാസ ധനസഹായ തുക സംബന്ധിച്ച് തീരുമാനമായി. ചിക്കമഗളൂരു ഡെപ്യൂട്ടി കമീഷണർ മീന നാഗരാജ് ഇതുസംബന്ധിച്ച ഉത്തരവിന് വ്യാഴാഴ്ച ഒപ്പുവെച്ചു. മാവോവാദികളെ കീഴടങ്ങാൻ പ്രേരിപ്പിച്ച പുനരധിവാസ സമിതിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എ കാറ്റഗറിയിൽ ഉൾപ്പെട്ട മുന്ദഗാരു ലത, സുന്ദരി കുതലൂരു, വനജാക്ഷി ബിഹോളെ, മാരേപ്പ അരോളി എന്നിവർക്ക് ഏഴര ലക്ഷവും കാറ്റഗറി ബിയിൽ ഉൾപ്പെട്ട വയനാട് സ്വദേശിനി ജീഷ, ജീഷയുടെ ഭർത്താവും തമിഴ്നാട് സ്വദേശിയുമായ വസന്ത് കുമാർ എന്നിവർക്ക് നാലു ലക്ഷവും വീതമാണ് പുനരധിവാസത്തിന് സാമ്പത്തിക സഹായം അനുവദിക്കാൻ അനുമതിയായത്. ഈ തുക വിവിധ ഘട്ടങ്ങളായാണ് കൈമാറുക. ആദ്യ ഘട്ടത്തിൽ മൂന്നു ലക്ഷം രൂപ വീതം നൽകും. ബാക്കി തുക രണ്ടു ഘട്ടങ്ങളിലായി നൽകും.
കർണാടക സ്വദേശികളായ ലതക്കെതിരെ 85ഉം സുന്ദരിക്കെതിരെ 71ഉം വനജാക്ഷിക്കെതിരെ 25ഉം മാരേപ്പ അരോടിക്കെതിരെ 50ഉം കേസുകളാണുള്ളത്. ജീഷക്കെതിരെ 18ഉം വസന്തിനെതിരെ ഒമ്പതും കേസുകളാണുള്ളത്. കർണാടക ‘നക്സൽ മുക്തം’ ആയെന്നായിരുന്നു ഇതുസംബന്ധിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രതികരണം.
അതേസമയം, ആറു മാവോവാദികൾ കീഴടങ്ങിയെങ്കിലും കർണാടകയിൽ ഒരു മാവോവാദി പ്രവർത്തകൻ കൂടി അവശേഷിക്കുന്നുണ്ട്; ചിക്കമഗളൂരു ശൃംഗേരി കിഗ്ഗ സ്വദേശിയായ കൊട്ടെഹൊണ്ട രവി എന്നയാൾ. ഇദ്ദേഹം ഇപ്പോഴും ഒളിവിലാണ്. വയനാട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന എട്ട് മാവോവാദി പ്രവർത്തകരുടെ സംഘത്തിൽനിന്ന് ഒരു വർഷം മുമ്പ് വേർപിരിഞ്ഞ രവി കർണാടകയിലേക്ക് ചുവടുമാറ്റിയിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു രവിയുടെ ഈ മാറ്റം. പിന്നീട് രവിയെ കുറിച്ച് മറ്റംഗങ്ങൾക്ക് വിവരമൊന്നും ലഭിച്ചിരുന്നില്ല.
മറ്റ് ഏഴ് അംഗങ്ങളും പിന്നീട് കർണാടക വനത്തിലേക്ക് വന്നു. ഇതിൽ നേതാവായ വിക്രം ഗൗഡ കഴിഞ്ഞ നവംബർ 18ന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബാക്കി ആറുപേർ ഇപ്പോൾ കീഴടങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.