രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപം; കേന്ദ്രമന്ത്രിക്കെതിരെ കേസ്
text_fieldsബംഗളൂരു: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് കേന്ദ്ര റെയിൽവേ സഹമന്ത്രി റവനീത് സിങ് ബിട്ടുവിനെതിരെ ബംഗളൂരു പൊലീസ് കേസെടുത്തു. സെപ്റ്റംബർ 15ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി അധിക്ഷേപ പരാമർശം നടത്തിയത്.
അവർ (കോൺഗ്രസ്) മുസ്ലിംകളെ ഉപയോഗിച്ചുകൊണ്ട് വിഭജനമുണ്ടാക്കാൻ ശ്രമിച്ചു. വിജയിക്കാത്തതുകൊണ്ട് ഇപ്പോൾ സിഖുകാരെയാണ് ഉപയോഗിക്കുന്നത്. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെ തീവ്രവാദികൾപോലും പിന്തുണക്കുന്നു.
അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിയാണ് ഒന്നാം നമ്പർ തീവ്രവാദി എന്നായിരുന്നു ബിട്ടുവിന്റെ പരാമർശം. കെ.പി.സി.സി ഭാരവാഹികൾ നൽകിയ പരാതിയിലാണ് നടപടി. സമാന വിഷയവുമായി ബന്ധപ്പെട്ട് മറ്റൊരു പരാതിയിൽ ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാലിനെതിരെ ബംഗളൂരു ഹൈഗ്രൗണ്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.
പരിധി വിട്ടാൽ നിയമനടപടി സ്വീകരിക്കും -ആഭ്യന്തര മന്ത്രി
ബംഗളൂരു: ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുത്തതിൽ പ്രതികരണവുമായി കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. രാഹുൽ ഗാന്ധി തീവ്രവാദിയാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി രണവീത് സിങ് ബിട്ടുവിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ല. ശോഭ കരന്തലജെയും രണവീത് സിങ് ബിട്ടുവും കേന്ദ്രമന്ത്രിമാരാണ്. ആർ. അശോക സംസ്ഥാന പ്രതിപക്ഷ നേതാവും. പരിധി വിട്ടാൽ സ്വാഭാവികമായും നിയമനടപടി സ്വീകരിക്കേണ്ടിവരും. കാരണമുണ്ടായതു കൊണ്ടാണ് നടപടിയെടുക്കുന്നതെന്നും സംഭവത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന ബി.ജെ.പിയുടെ ആരോപണത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സംഘർഷം കലാപാഹ്വാനമല്ലെന്നും വിഷയത്തെ വളച്ചൊടിച്ച് കൂടുതൽ പ്രചാരം നൽകരുതെന്നും സംഭവ ദിവസം ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.