ബംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ആഗസ്റ്റിൽ 2374 കേസുകളാണ് ബി.ബി.എം.പി പരിധിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒരു മാസത്തിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. സെപ്റ്റംബറിലെ ആദ്യ മൂന്നു ദിവസം 181 കേസുകളും റിപ്പോർട്ട് ചെയ്തു.
ഡെങ്കിപ്പനി പടരുന്നത് തടയാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യവിഭാഗത്തിന് ബി.ബി.എം.പി നിർദേശം നൽകി. ബി.ബി.എം.പി സൗത്ത് സോണിലാണ് ഏറ്റവും കൂടുതൽ പനിബാധിതരുള്ളത്; 416 പേർ. വെസ്റ്റ് സോണിൽ 274ഉം ഈസ്റ്റ് സോണിൽ 272ഉം കേസുകളാണുള്ളത്. ആർ.ആർ നഗർ, യെലഹങ്ക മേഖലകളിൽ 160 കേസുകൾ റിപ്പോർട്ട് ചെയ്തു.
ജൂലൈയിൽ 1649ഉം ജൂണിൽ 689ഉം ഡെങ്കി കേസുകളാണുണ്ടായിരുന്നത്.
ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ബി.ബി.എം.പി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർക്കൊപ്പം സാഹചര്യം വിലയിരുത്തിയ മന്ത്രി, ഡെങ്കിപ്പനി മോണിറ്റർ ചെയ്യാൻ മൊബൈൽ ആപ്ലിക്കേഷൻ വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് അറിയിച്ചു.
ആരോഗ്യപ്രവർത്തകരുടെ ഫീൽഡ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഫീൽഡിൽനിന്ന് തത്സമയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും വേണ്ടിയാണ് ആപ് തയാറാക്കിയത്. എവിടെയൊക്കെ കൊതുകുനശീകരണ സ്പ്രേ നടത്തുന്നു എന്ന വിവരമടക്കം ആപ്പിലുണ്ടാകും. അതത് സ്ഥലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നില്ലെങ്കിൽ പ്രദേശവാസികൾക്ക് പരാതിപ്പെടാം. ഡെങ്കിപ്പനി കേസുകൾ വർധിക്കുകയാണ്. അത് എങ്ങനെ തടയണമെന്നത് സംബന്ധിച്ച് ചർച്ച ചെയ്തു. മഴവെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽനിന്നാണ് ഡെങ്കി പരത്തുന്ന കൊതുകുകൾ പെരുകുന്നത്. നിലവിൽ ബി.ബി.എം.പിക്ക് കീഴിൽ ആറ് ലാബുകൾ ഡെങ്കി പരിശോധനക്കായുണ്ട്. ലാബുകളുടെ എണ്ണം കൂട്ടാൻ ഉത്തരവ് നൽകിയിട്ടുണ്ട്- മന്ത്രി പറഞ്ഞു.
നഗരത്തിൽ ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ ജീവനക്കാരുടെ കുറവുണ്ടെന്ന് ബി.ബി.എം.പി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. 179 എ.എൻ.എം വർക്കേഴ്സിന്റെ കുറവാണുള്ളത്. ജീവനക്കാരുടെ വേതനം 6,000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി മറുപടി നൽകി. നേരത്തെ 12,000 രൂപ നൽകിയിരുന്നത് ഇതോടെ 18,000 രൂപയാകും. സ്കൂളുകളിലടക്കം ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് ബി.ബി.എം.പി അറിയിച്ചു. ബി.ബി.എം.പി ഡോക്ടർമാർ, ആശ വർക്കർമാർ, പ്രാഥമികാരോഗ്യ ജീവനക്കാർ എന്നിവരുടെ സഹായത്തോടെ ഡെങ്കിപ്പനി മേഖലകളിൽ സർവെ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.