ഡെങ്കിപ്പനി: മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
text_fieldsബംഗളൂരു: ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ ബംഗളൂരുവിൽ കൊതുക് പെരുകാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യർഥിച്ചു.
മലിനജലം കെട്ടിക്കിടക്കുന്നത് തടയുക, ശുചിമുറികളുടെ വൃത്തി ഉറപ്പാക്കുക തുടങ്ങിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. രോഗം പരത്തുന്ന കൊതുകുകളുടെ പ്രജനനം തടയുകയാണ് ലക്ഷ്യം. വീടുകൾക്ക് പുറമെ വിദ്യാഭ്യാസ, വ്യാപാര സ്ഥാപനങ്ങൾ, പൊതുശുചിയിടങ്ങൾ, ഉപയോഗശൂന്യമായ കിണറുകൾ, ഒഴിഞ്ഞുകിടക്കുന്ന പുരയിടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ മലിന ജലം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ ഇത് നിർബന്ധമായും നടപ്പാക്കണം. മൈസൂരുവിൽ 35 വയസ്സുകാരി ഞായറാഴ്ച ഡെങ്കിപ്പനി ബാധിച്ചു മരിച്ചതോടെ സംസ്ഥാനത്ത് ഡെങ്കി മരണം 11 ആയി ഉയർന്നു. ജനുവരി മുതൽ ഇതുവരെ 7156 പേർക്കാണ് ഡെങ്കി ബാധിച്ചിട്ടുള്ളത്. ബംഗളൂരുവിൽ 1988 പേർക്കും ഡെങ്കി ബാധിച്ചിട്ടുണ്ട്.
ഒറ്റ ദിവസം സംസ്ഥാനത്ത് 159 പേർക്ക് ഡെങ്കി ബാധിച്ചതായാണ് കണക്ക്. ബംഗളൂരു നഗരപരിധിയിലാകട്ടെ 80 പേർക്കും ഡെങ്കി ബാധിച്ചു. വീടും പരിസരവും വൃത്തിയാക്കാതെ കൊതുക് പെരുകുന്ന അവസ്ഥയുണ്ടാക്കുന്നവരിൽനിന്ന് 500 രൂപ പിഴയീടാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് ബൃഹദ് ബംഗളൂരു മഹാനഗര പാലികെയും (ബി.ബി.എം.പി) മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉടൻതന്നെ പുറപ്പെടുവിച്ചേക്കും. നിലവിൽ, കൊതുക് പെരുകാൻ സാധ്യതയുള്ള അന്തരീക്ഷം സൃഷ്ടിച്ചാൽ 50 രൂപയാണ് പരമാവധി പിഴ. ഇതാണ് 500 രൂപയായി വർധിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.