മുസ്ലിം സംവരണ നിഷേധം; വിദ്യാർഥി സംഘടനകൾ സമരത്തിന്
text_fieldsബംഗളൂരു: കർണാടകയിൽ മുസ്ലിംകൾക്കുള്ള 2 ബി കാറ്റഗറി സംവരണം ഒഴിവാക്കിയ നടപടിക്കെതിരെ സമരവുമായി രംഗത്തിറങ്ങുമെന്ന് വിദ്യാർഥി സംഘടനകൾ. അഖിലേന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എ.ഐ.എസ്.എ), സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ്.ഐ.ഒ), ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ), അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ (എ.എസ്.എ), ബാംഗ്ലൂർ യൂനിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂനിയൻ കലക്ടീവ്, ദലിത് വിദ്യാർഥി പരിഷത്ത് (ഡി.വി.പി), കർണാടക വിദ്യാർഥി സംഘ (കെ.വി.എസ്), അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ജി.കെ.വി.കെ യൂനിറ്റായ പരിവർത്തന തുടങ്ങിയ സംഘടനകളാണ് മുന്നറിയിപ്പ് നൽകിയത്. 2 ബി കാറ്റഗറിയിലുണ്ടായിരുന്ന നാലു ശതമാനം സംവരണത്തിന് പകരം ഇപ്പോൾ 10 ശതമാനം സംവരണം അനുവദിച്ചെന്നാണ് സർക്കാർ വാദം.
എന്നാൽ, ഇതിൽ ഇന്റേണൽ സംവരണമില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉയർന്ന ജാതിക്കാരുമായി മത്സരിച്ചാണ് ഈ സംവരണം മുസ്ലിംകൾ നേടിയെടുക്കേണ്ടത്. ചേരികളിലും പിന്നാക്ക പ്രദേശങ്ങളിലും ചെറിയ സ്കൂളുകളിലും പഠിച്ചുവരുന്ന വിദ്യാർഥികൾ എങ്ങനെയാണ് ഉയർന്ന ജാതിയിലെ വിദ്യാർഥികളുമായി മത്സരിക്കുകയെന്ന് എസ്.ഐ.ഒ കർണാടക പ്രസിഡന്റ് സീഷാൻ അഖിൽ ചോദിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിവാദ പ്രസ്താവന പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകണമെന്ന് ഭരണഘടനയിൽ പറഞ്ഞിട്ടില്ലെന്നും കോൺഗ്രസ് ധ്രുവീകരണത്തിനായി അതുപയോഗിച്ചെന്നും ബി.ജെ.പി അത് എടുത്തുകളഞ്ഞെന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഒ.ബി.സി വിഭാഗത്തിൽ മുസ്ലിംകൾക്ക് അനുവദിച്ച സംവരണം മതത്തിന്റെ അടിസ്ഥാനത്തിലാണെന്ന തെറ്റായ സന്ദേശമാണ് അമിത് ഷാ നൽകുന്നത്. സ്വാതന്ത്ര്യാനന്തരം സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സാഹചര്യങ്ങളടക്കമുള്ള പല മാനദണ്ഡങ്ങൾ കണക്കാക്കിയാണ് സംവരണം നിശ്ചയിച്ചതെന്ന് അവർ ചൂണ്ടിക്കാട്ടി. മുസ്ലിം സംവരണ നിഷേധത്തിനെതിരെ ഒന്നിച്ചുള്ള സമരപരിപാടികൾക്ക് രൂപം നൽകുമെന്നും സംവരണം ഒഴിവാക്കിയതിനെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകുമെന്നും വിദ്യാർഥി നേതാക്കൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.