ദേവനഹള്ളിയിൽ വിപുല സൗകര്യങ്ങളോടെ എയർപോർട്ട് സിറ്റി ഒരുങ്ങുന്നു
text_fieldsബംഗളൂരു: ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ദേവനഹള്ളിയിൽ നിർമാണം പുരോഗമിക്കുന്ന എയർപോർട്ട് സിറ്റിയിൽ ഒരുങ്ങുന്നത് അതിവിപുല സൗകര്യങ്ങൾ. 20 ലക്ഷം അടിയുള്ള ബിസിനസ് പാർക്കും രണ്ട് ഹോട്ടലുകളും ഓഡിറ്റോറിയവും ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഇവിടെയുണ്ടാകുക. എയർപോർട്ട് സിറ്റി നിർമാണം പൂർത്തിയാകുന്നതോടെ ഒട്ടേറെ സ്ഥാപനങ്ങൾ ഇവിടേക്കെത്തുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ ആദ്യഘട്ടം 2026ലാണ് പൂർത്തിയാകുക.
വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ബംഗളൂരു ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ബംഗളൂരു എയർപോർട്ട് സിറ്റി ലിമിറ്റഡാണ് (ബി.എ.സി.എൽ.) പദ്ധതി നടപ്പാക്കുന്നത്. നിലവിൽ ത്രീഡി പ്രിന്റിങ് സ്ഥാപനം, ഭക്ഷണശാല എന്നിവ എയർപോർട്ട് സിറ്റിയിൽ പ്രവർത്തിക്കുന്നുണ്ട്. ഹോട്ടലുകളുടെയും ബിസിനസ് പാർക്കിന്റെയും ഓഡിറ്റോറിയത്തിന്റെയും നിർമാണം പുരോഗമിക്കുകയാണെന്ന് ബി.എ.സി.എൽ അധികൃതർ അറിയിച്ചു.
രണ്ടു ഹോട്ടലുകളിലും ചേർന്ന് 775 മുറികളാണ് ഇവിടെയുണ്ടാകുക. വിവാന്ത, ജിഞ്ചർ എന്നീ ഗ്രൂപ്പുകളാണ് ഹോട്ടലുകൾ നടത്തുക. ബിസിനസ് ആവശ്യങ്ങൾക്കെത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഉപകാരപ്പെടുന്നതാകും ഈ ഹോട്ടലുകളെന്നാണ് വിലയിരുത്തൽ.
പുതുതായി നിർമിക്കുന്ന ഓഡിറ്റോറിയവും അത്യാധുനിക രീതിയിലാണ് പണിയുന്നത്. 10,000 ഇരിപ്പിടങ്ങൾ സജ്ജീകരിക്കും. സാംസ്കാരിക പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കാം. ഐ.ടി സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയവക്ക് പ്രവർത്തിക്കാൻ അനുയോജ്യമായ രീതിയിലാണ് ബിസിനസ് സിറ്റിയുടെ നിർമാണം. വിനോദത്തിനുള്ള വിവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കുമെന്ന് ബി.എ.സി.എൽ. സി.ഇ.ഒ റാവു മനുകുട്ല പറഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ നിർദിഷ്ട മെട്രോ പാതയുമായും ബിസിനസ് സിറ്റിയെ ബന്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.