മംഗളൂരു ദസറയിൽ ഡി.ജെ, ദൈവക്കോലം വിലക്ക് തുടരും
text_fieldsമംഗളൂരു: ദസറ എന്നറിയപ്പെടുന്ന വിജയദശമി ആഘോഷം മംഗളൂരുവിൽ ഒക്ടോബർ 12ന് തുടങ്ങും. നഗരത്തിലെ പ്രസിദ്ധമായ കുദ്രോളി ഗോകർണനാഥേശ്വര ക്ഷേത്രം നവരാത്രി ഉത്സവം, മംഗളൂരു ദസറ ആഘോഷം എന്നിവ അരങ്ങേറും.
ആഘോഷത്തിന്റെ പ്രധാന ഭാഗമായ സാംസ്കാരിക ഘോഷ യാത്രകളിൽ ഡി.ജെ മ്യൂസിക്, ദൈവക്കോലങ്ങളുടെ നിശ്ചല ദൃശ്യങ്ങൾ എന്നിവക്ക് കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് അധികൃതർ പറഞ്ഞു. ഹൈന്ദവ സംസ്കാരത്തിന് നിരക്കാത്ത ഇത്തരം ഇനങ്ങളുടെ അധിനിവേശം ജനങ്ങളിൽ ശാന്തിക്ക് പകരം അശാന്തിയാണ് പ്രസരിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ട സംഘാടക സമിതികൾ നിരീക്ഷിച്ചിരുന്നു. ദൈവക്കോലങ്ങളെ ഘോഷയാത്രയിൽ അണിനിരത്തുന്നതിലൂടെ വിശ്വാസികളെ മുറിവേല്പിക്കുകയാണ് ഫലത്തിൽ സംഭവിക്കുന്നതെന്ന അഭിപ്രായമാണ് തുളുനാടിലെ ബന്ധപ്പെട്ട സംഘടനകളിൽ നിന്നുണ്ടായത്. അതേസമയം, സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന മറ്റു നിശ്ചല ദൃശ്യങ്ങൾക്ക് വിലക്കില്ല.
ഡി.ജെ സംഗീതത്തിന്റെ കാതടപ്പിക്കുന്ന ശബ്ദം ആതുരാലയ നിബിഡമായ നഗരത്തിൽ ഉയർത്തുന്ന പ്രശ്നങ്ങൾ ചർച്ചക്ക് വന്നു. ഈ സംഗീത ശാഖയും ഹൈന്ദവ ആചാരവും തമ്മിൽ ബന്ധമില്ലാത്തതിനാൽ ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.