‘‘വെടിവെക്കണോ, നെഞ്ചുവിരിച്ച് മുന്നിൽ നിന്നു തരാം’’ -ഡി.കെ. സുരേഷ്
text_fieldsബംഗളൂരു: മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കെ.എസ്. ഈശ്വരപ്പയുടെ പ്രകോപന പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി കോൺഗ്രസ് എം.പി ഡി.കെ. സുരേഷ് രംഗത്ത്.
‘‘അങ്ങേക്ക് എന്നെ കൊല്ലുകയാണ് വേണ്ടതെങ്കിൽ ഒറ്റക്ക് വന്ന് നെഞ്ച് വിരിച്ച് മുന്നിൽ നിന്നു തരാം. ആഗ്രഹം സഫലമാവട്ടെ’’ -ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരൻകൂടിയായ ഡി.കെ. സുരേഷ് ശനിയാഴ്ച പറഞ്ഞു. ചരിത്രസത്യങ്ങൾ വിളിച്ചുപറയുമ്പോൾ പ്രകോപന പ്രതികരണങ്ങളിലൂടെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്.
പാവപ്പെട്ട നിങ്ങളുടെ ആളുകളെ ഇരകളാക്കപ്പെടുന്നതിലൂടെ സത്യം മൂടാമെന്നും കരുതരുത്. മഹാത്മാ ഗാന്ധിയുടെ ഘാതകരുടെ പിൻതുടർച്ചക്കാരാണ് ബി.ജെ.പി. രാജ്യത്തെ വിഭജിച്ചതിന്റെ ചരിത്രവും വർത്തമാനകാല വിഭാഗീയ പ്രവർത്തനങ്ങളും നിങ്ങളുടെ മുഖമുദ്രയാണ് -സുരേഷ് പറഞ്ഞു. വെടിയുണ്ടയെ ഭയക്കുന്നവനല്ല സഹോദരൻ സുരേഷ് എന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു.
പ്രകോപന പ്രസംഗം ഈശ്വരപ്പക്കെതിരെ കേസ്
ബംഗളൂരു: വിവാദ പ്രസ്താവന നടത്തി എന്നതിന് മുൻ ഉപ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ കെ.എസ്. ഈശ്വരപ്പക്കെതിരെ ദാവൺഗരെ ബഡവനെ പൊലീസ് കേസെടുത്തു.
കോൺഗ്രസ് നേതാക്കളായ ഡി.കെ. സുരേഷ് എം.പി, വിനയ് കുൽക്കർണി എം.എൽ.എ എന്നിവരെ വധിക്കാൻ നിയമം കൊണ്ടുവരണമെന്ന് ബി.ജെ.പി ദാവൺഗരെ ജില്ല പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. ഇരു കോൺഗ്രസ് നേതാക്കളും രാജ്യദ്രോഹികളാണെന്നും ഇന്ത്യയെ രണ്ട് ഭാഗമാക്കാൻ പരിശ്രമിക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. പൊതുസമ്മേളനങ്ങളിൽ അവർ വീണ്ടും ഇത്തരം പ്രസ്താവനകൾ നടത്താൻ ശ്രമിച്ചാൽ തീർച്ചയായും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവരം അറിയിക്കും. അവർ രാജ്യത്തെ കഷണങ്ങളായി വിഭജിക്കാൻ ആഗ്രഹിക്കുന്നു. അവരെ വെടിവെച്ചുകൊല്ലാൻ കഴിയുന്ന നിയമം കൊണ്ടുവരണം എന്നായിരുന്നു പ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.