എഴുത്ത്, വായന അറിയില്ല; മാർക്ക് 99.5%
text_fieldsബംഗളൂരു: എഴുതാനോ വായിക്കാനോ അറിയില്ലെന്ന് കണ്ടെത്തിയതോടെ പ്യൂണിന്റെ അക്കാദമിക് രേഖകള്‍ പരിശോധിക്കാൻ കോടതി ഉത്തരവിട്ടു. കൊപ്പാലിലെ കോടതിയാണ് ജീവനക്കാരന്റെ അക്കാദമിക് രേഖകള്‍ പരിശോധിക്കാനാവശ്യപ്പെട്ടത്.
പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വ്യക്തിയായിരുന്നിട്ടും ജീവനക്കാരന് എഴുത്തും വായനയും വശമില്ലാത്തതിന്റ പശ്ചാത്തലത്തിലാണ് ജഡ്ജിയുടെ ഇടപെടല്‍. 23കാരനായ പ്രഭു ലക്ഷ്മികാന്ത് ലോകരെയാണ് പത്താം ക്ലാസ് പരീക്ഷയില്‍ 99.5 ശതമാനം മാർക്ക് നേടി കോടതിയില്‍ പ്യൂണായി ജോലിക്ക് കയറിയത്. റായ്ച്ചൂർ ജില്ലയിലെ സിന്ധനൂരില്‍ താമസിക്കുന്ന ലോകരെ ഏഴാം ക്ലാസ് വരെ മാത്രം പഠിച്ചശേഷം കൊപ്പാല്‍ കോടതിയില്‍ ശുചീകരണ തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ചിരുന്നു. പത്താം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തില്‍ പ്യൂണ്‍ റിക്രൂട്ട്മെന്റ് പരീക്ഷയിലേക്കുള്ള മെറിറ്റ് ലിസ്റ്റില്‍ എത്തുകയും കൊപ്പാല്‍ കോടതിയില്‍ ജോലിചെയ്യാൻ തുടങ്ങുകയും ചെയ്തു.
എന്നാല്‍, കോടതിയില്‍ വായനയും എഴുത്തും അറിയാത്തതിനാല്‍ അക്കാദമിക് നേട്ടങ്ങള്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കാൻ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയതോടെ പ്രഭുവിന്റെ അക്കാദമിക് റെക്കോഡ് അന്വേഷിക്കാൻ ജഡ്ജി പൊലീസില്‍ പരാതി നല്കി. ഏഴാം ക്ലാസിനുശേഷം നേരിട്ട് പത്താം ക്ലാസ് പരീക്ഷയെഴുതിയ ഇയാള്‍ 625ല്‍ 623 മാർക്ക് നേടിയാണ് വിജയിച്ചത്.
എന്നാല്‍ കന്നട, ഇംഗ്ലീഷ്, ഹിന്ദി എന്നിവയില്‍ വായിക്കാനോ എഴുതാനോ അറിയുമായിരുന്നില്ല. ഇത് വിദ്യാഭ്യാസത്തിന്റ നിയമസാധുതയെക്കുറിച്ച് ഗുരുതരമായ സംശയങ്ങള്‍ ഉണ്ടാക്കിയെന്ന് ഇയാൾക്കെതിരെ ചുമത്തിയ കേസിൽ പറയുന്നു. വ്യാജ അക്കാദമിക് നേട്ടങ്ങള്‍ അർഹതയുള്ള വിദ്യാർഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് നിരീക്ഷിച്ച ജഡ്ജി സമാനമായ മാർഗങ്ങളിലൂടെ മറ്റാരെങ്കിലും സർക്കാർ ജോലി നേടിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. പ്രഭുവിന്റെ കൈയക്ഷരം പത്താം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുമായി താരതമ്യം ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്. അതേസമയം, സംസ്ഥാനത്തെ ബാഗല്‍കോട്ട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ 2017-18ല്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയെന്നും ദില്ലി വിദ്യാഭ്യാസ ബോർഡാണ് പരീക്ഷകള്‍ നടത്തിയതെന്നും ലോകർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.