ശിവമൊഗ്ഗയിലെ ചന്ദനമരക്കാടുകൾക്ക് കാവലായി നായ്ക്കൾ
text_fieldsനായ്ക്കളുമായി വനം ഉദ്യോഗസ്ഥർ
ബംഗളൂരു: ശിവമൊഗ്ഗ ജില്ലയിൽ സർക്കാർ ചന്ദനമരക്കാടുകൾ സുരക്ഷിതമാവുന്നത് നായ്ക്കളുടെ കാവലിലാണ്. ശിക്കാരിപൂര താലൂക്കിലെ അംബരഗോപ്പക്ക് സമീപം 1500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ചന്ദ്രകല റിസർവ് വനത്തിൽ 100 ഹെക്ടർ സ്ഥലത്ത് 26,000ത്തിലധികം ചന്ദനമരങ്ങളാണുള്ളത്. കള്ളക്കടത്തുകാരിൽനിന്ന് ചന്ദനത്തോട്ടങ്ങൾ സംരക്ഷിക്കാൻ പരിശീലനം ലഭിച്ച നായ്ക്കളെ വനംവകുപ്പ് വിന്യസിച്ചതാണ് ഫലം കാണുന്നത്. നായ്ക്കളെ കാവലിന് നിയോഗിച്ച ശേഷം ജില്ലയിൽ ചന്ദനക്കടത്ത് കേസുകളിൽ വലിയ കുറവുണ്ടായി.
ജില്ലയിലെ നാല് ചന്ദനത്തോട്ടങ്ങളിലാണ് ഈ നായ്ക്കളെ ഉപയോഗിക്കുന്നത്. അവയിൽ മൂന്നെണ്ണം സാഗർ ഡിവിഷനിലെ ശിക്കാരിപുര താലൂക്കിലും ഒന്ന് ഭദ്രാവതി താലൂക്കിലെ ശാന്തിസാഗർ വനമേഖലയിലുമാണ്. മുധോൾ ഇനത്തിൽപെട്ട ആൺ നായ് ചന്ദ്രയും പെൺ നായ് കാലയും കഴിഞ്ഞ മൂന്ന് വർഷമായി തോട്ടങ്ങൾ സംരക്ഷിക്കുന്നുണ്ട്.
ഭദ്രാവതി താലൂക്കിലെ തോട്ടത്തിൽ ഡോബർമാൻ ഇനത്തിൽപെട്ട നായും കാവൽ നിൽക്കുന്നു.ചിക്കജംബുരുവിലെയും ചന്ദ്രകല വനത്തിനടുത്തുള്ള അയൽ ഗ്രാമങ്ങളിലെയും ആളുകൾ പണ്ട് ചന്ദനമരങ്ങൾ കള്ളക്കടത്ത് നടത്തിയിരുന്നു. വിലയേറിയ മരങ്ങൾ സംരക്ഷിക്കുന്നത് വനംവകുപ്പ് ജീവനക്കാർക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായതോടെയാണ് നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്താൻ വനംവകുപ്പ് തീരുമാനിച്ചതെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ മോഹൻ കുമാർ പറഞ്ഞു..

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.