ടിപ്പുവിൽ വിശ്വസിക്കുന്നവർക്ക് വോട്ട് നൽകരുത് -അമിത് ഷാ
text_fieldsബംഗളൂരു: പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂരു രാജാവായിരുന്ന ടിപ്പു സുൽത്താനിലാണ് കോൺഗ്രസും ജെ.ഡി.എസും ഇപ്പോഴും വിശ്വസിക്കുന്നതെന്നും അതിനാൽ അവർക്ക് കർണാടകക്കായി നല്ലതൊന്നും ചെയ്യാൻ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
എന്നാൽ, ബി.ജെ.പി പ്രചോദനം ഉൾക്കൊണ്ടത് പതിനാറാം നൂറ്റാണ്ടിലെ രാജ്ഞിയായിരുന്ന ഉള്ളാൽ റാണി അബ്ബക്ക ചൗതയിൽ നിന്നാണ്. ഇതിനാലാണ് സംസ്ഥാനത്ത് പുരോഗതിയുള്ള ഭരണം നടത്താൻ ബി.ജെ.പിക്ക് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണകന്നടയിലെ പുത്തൂരിൽ കേന്ദ്ര അടക്ക-കൊക്കോ വിപണന സംസ്കരണ സഹകരണ ലിമിറ്റഡിന്റെ (കാംപ്കോ) ഗോൾഡൻ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ. ടിപ്പുവിൽ വിശ്വസിക്കുന്നവർക്ക് വോട്ടുനൽകണോ, അതോ റാണി അബ്ബക്കയിൽ വിശ്വസിക്കുന്നവർക്ക് വോട്ടുചെയ്യണോ എന്നതാണ് ചോദ്യം.
പോർചുഗീസുകാർക്കെതിരെ പോരാടിയ ഉള്ളാളിലെ ഭരണാധികാരിയായിരുന്നു റാണി അബ്ബക്ക. കോൺഗ്രസ് അഴിമതി പാർട്ടിയാണ്. കർണാടകയെ ഗാന്ധി കുടുംബത്തിന്റെ എ.ടി.എം മെഷീനാക്കി കോൺഗ്രസ് ഉപയോഗിച്ചു. ആരാണ് കർണാടകയിൽ അടുത്ത സർക്കാർ രൂപവത്കരിക്കേണ്ടത് എന്നാണ് ജനം തീരുമാനിക്കേണ്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശസ്നേഹികളുടെ കൂട്ടമായ ബി.ജെ.പിയാണ് ഒരുവശത്ത്. അഴിമതിക്കാരായ കോൺഗ്രസാണ് മറുവശത്ത്. നവ കർണാടകത്തിനും നവ ഇന്ത്യക്കുമായി ബി.ജെ.പിക്ക് വോട്ടുചെയ്യണം. മോദി സർക്കാർ ആദിവാസികൾക്ക് ഭൂമി കൊടുത്തു.
മംഗളൂരു റിഫൈനറി നവീകരിച്ചു. മംഗളൂരുവിനെയും ബംഗളൂരുവിനെയും സ്റ്റാർട്ടപ് സിറ്റികളാക്കി. രാജ്യം സുരക്ഷിതമായി നിലകൊള്ളണമെങ്കിൽ ബി.ജെ.പി അധികാരത്തിൽ വരണം. ബി.ജെ.പിയാണ് നക്സലിസവും തീവ്രവാദവും അടിച്ചമർത്തിയത്.
കശ്മീരിലെ 370ാം വകുപ്പ് എടുത്തുകളഞ്ഞതിനാലും അവിടത്തെ തീവ്രവാദം അടിച്ചമർത്തിയതിനാലുമാണ് രാഹുൽ ഗാന്ധിക്ക് അവിടെ പേടിയില്ലാതെ ജോഡോ യാത്ര നടത്താൻ പറ്റിയതെന്നും അമിത് ഷാ പറഞ്ഞു.
മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ രാജ്യത്തുടനീളമുള്ള കർഷകർ ഓർക്കുകയാണ്. കർഷകർക്ക് അനുകൂലമായ അദ്ദേഹത്തിന്റെ നടപടികളാണ് കാരണം. അദ്ദേഹത്തിന്റെ ഭരണത്തിൽ ബംഗളൂരു അഭിവൃദ്ധി പ്രാപിച്ചെന്നും അമിത് ഷാ പറഞ്ഞു.
പുത്തൂരിലെ തെങ്കിലയിലെ വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര, മന്ത്രിമാരായ വി. സുനിൽകുമാർ, എസ്. അങ്കര, എസ്.ടി. സോമശേഖർ, കോട്ട ശ്രീനിവാസ പൂജാരി, മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, എം.പി. നളിൻകുമാർ കട്ടീൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.