ഡോ. അസിമ ബാനു; ബാംഗ്ലൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പലാകുന്ന ആദ്യ മുസ്ലിം വനിത
text_fieldsബംഗളൂരു: കർണാടകയുടെ കോവിഡ് പോരാളിയായ ഡോ. അസിമ ബാനു ഇനി ബാംഗ്ലൂർ മെഡിക്കൽ കോളജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എം.സി.ആർ.ഐ) പ്രിൻസിപ്പൽ.
സമ്പർക്കവിലക്കിലുള്ള കോവിഡ് രോഗികളായ കുട്ടികൾക്ക് കളിപ്പാട്ടങ്ങളും മുതിർന്നവർക്ക് അവശ്യവസ്തുക്കളുമടക്കം സ്വന്തംനിലക്ക് എത്തിച്ച് ജനങ്ങളുടെ ഇഷ്ടം നേടിയ ഡോക്ടറാണ് അസിമ ബാനു. ഈ സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലിം വനിതയും. ബംഗളൂരു ചാമരാജ്പേട്ട് സ്വദേശിനിയാണ്.
1990ൽ ബി.എം.സി.ആർ.ഐയിൽനിന്നാണ് എം.ബി.ബി.എസും മെഡിക്കൽ മൈക്രോബയോളജിയിൽ എം.ഡിയും നേടിയത്. 2000ത്തിൽ മൈക്രോബയോളജി വകുപ്പിൽ ഫാക്കൽറ്റിയായി.
വകുപ്പ് മേധാവി, ഇൻഫെക്ഷൻ കൺട്രോൾ ഓഫിസർ തുടങ്ങി നിരവധി ചുമതലകൾ വഹിച്ചു. 2020ൽ കോവിഡ് കാലത്ത് ജീവൻ പണയംവെച്ച് രാവും പകലുമെന്നില്ലാതെ സേവനമനുഷ്ഠിച്ചതോടെ ഡോ. അസിമ ബാനു കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. വിവിധ അംഗീകാരങ്ങൾ തേടിയെത്തി. മെഡിക്കൽ കോളജിന്റെ കീഴിലെ കെ.ആർ. മാർക്കറ്റിനടുത്തുള്ള വിക്ടോറിയ ആശുപത്രിയിൽ കോവിഡ് വാർഡിന്റെയും ട്രോമ കെയർ സെന്ററിന്റെയും നോഡൽ ഓഫിസറായിരുന്നു. രോഗികളുടെ വ്യക്തിപരമായ കാര്യങ്ങളടക്കം അന്വേഷിച്ച് പരിഹാരം കണ്ടെത്താൻ ഓടിനടന്നു. തന്നെ നേരിട്ട് ബന്ധപ്പെടാനായി വാട്സ്ആപ് ഗ്രൂപ് തുടങ്ങി 24 മണിക്കൂറും സേവനസന്നദ്ധയായി. അന്ന് ഡോക്ടറുടെ കുടുംബാംഗങ്ങൾക്കെല്ലാം കോവിഡ് പിടിപെട്ടു. പിതാവ് 19 ദിവസം ആശുപത്രിയിലുമായി. എന്നിട്ടും അവർ രോഗികളുടെ കാര്യങ്ങൾ മുടക്കിയില്ല.
രോഗികളായ കുട്ടികൾക്ക് കളിപ്പാട്ടങ്ങളും ചോക്ലറ്റുകളും എത്തിച്ചുനൽകി. മുതിർന്നവർക്ക് നഖംവെട്ടിയും വെള്ളം ചൂടാക്കാനുള്ള കെറ്റിലുകളും ചെറുഫാനുകളുമടക്കം നൽകി. പലതും സ്വന്തംനിലക്കായിരുന്നു ഏർപ്പാടാക്കിയത്. രോഗികൾക്ക് മാനസികോല്ലാസത്തിനുള്ള സൗകര്യങ്ങളും ഒരുക്കി.
മരുന്നുകൾക്കപ്പുറം സ്നേഹംകൊണ്ട് ചികിത്സിച്ച ഡോക്ടറായി അവർ മാറുകയായിരുന്നു. 23 വർഷമായി ബാംഗ്ലൂർ മെഡിക്കൽ കോളജിൽ സേവനമനുഷ്ഠിക്കുന്ന 49കാരിയായ ഡോ. അസിമ ബുധനാഴ്ച പുതിയ ചുമതല ഏറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.