നടിയുടെ സ്വർണക്കടത്തിന് അന്താരാഷ്ട്ര ഹവാല ബന്ധമെന്ന് ഡി.ആർ.ഐ റിപ്പോർട്ട്
text_fieldsബംഗളൂരു: കർണാടക ഡി.ജി.പി രാമചന്ദ്ര റാവുവിന്റെ വളർത്തുമകൾ നടി രന്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിന് അന്താരാഷ്ട്ര ഹവാല ബന്ധമുണ്ടെന്നും ഇത് ദേശീയ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്നതായും ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഡി.ആർ.ഐ ചൂണ്ടിക്കാട്ടി.
കോടതിയിൽ രന്യ റാവുവിന്റെ ജാമ്യാപേക്ഷയെ എതിർത്ത വേളയിൽ ഡി.ആർ.ഐയെ പ്രതിനിധാനം ചെയ്ത് മുതിർന്ന അഭിഭാഷകൻ മധു റാവു ഹാജരായി. ദേശീയ സുരക്ഷ ആശങ്കകളും സംശയിക്കപ്പെടുന്ന ഹവാല ഇടപാടുകളും അന്വേഷണത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര ബന്ധങ്ങളാണ് കേസിന് പിന്നിലെന്നും പണം എങ്ങനെ കൈമാറിയെന്നും പിടിച്ചെടുത്ത സ്വർണം വാങ്ങാൻ ഫണ്ട് എങ്ങനെ ക്രമീകരിച്ചുവെന്നും അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്.
ദുബൈ നിവാസിയാണെന്ന് കാണിക്കുന്ന ഒരു തിരിച്ചറിയൽ കാർഡ് രന്യ റാവുവിന്റെ കൈവശമുണ്ടെന്നും അതിനാൽ, അവർ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്നും നിർണായക തെളിവുകൾ നശിപ്പിക്കപ്പെടാമെന്നും റാവു മുന്നറിയിപ്പ് നൽകി. രന്യ റാവു ഡി.ആർ.ഐ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കാത്തതിനാൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ വഴിതെറ്റിക്കും. കേസിലെ രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുമ്പോൾ രാധിക അഗർവാൾ കേസിലെ സുപ്രീംകോടതി വിധി പരിഗണിക്കണമെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.
അതേസമയം, രന്യ റാവു കൊണ്ടുവന്ന സ്വർണത്തിന് ഡിക്ലറേഷൻ നൽകാൻ ഡി.ആർ.ഐ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്ന് അവകാശപ്പെട്ടുകൊണ്ട് രന്യ റാവുവിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക കിരൺ ജാവലി വാദിച്ചു. സ്വർണം കൈവശംവെച്ചതിന് ന്യായീകരണമായി ഒരു തെളിവും നൽകിയിട്ടില്ല. കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 102 പരിശോധനയിൽ ആരൊക്കെ ഉണ്ടായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുന്നുണ്ടെന്ന് അദ്ദേഹം വാദിച്ചു. അറസ്റ്റിനിടെ ഡി.ആർ.ഐ ഉദ്യോഗസ്ഥർ കസ്റ്റംസ് നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചില്ലെന്നും ജാവലി ആരോപിച്ചു.
വിമാനത്താവളത്തിലെ ഗ്രീൻ ചാനലിൽ വെച്ചാണ് രന്യ റാവുവിനെ കസ്റ്റഡിയിലെടുത്തത്. സ്നേഹയെയും ഹരിശങ്കർ നായരെയും സാക്ഷികളായി കണ്ടെത്തി. അറസ്റ്റിനിടെ ഡി.ആർ.ഐ ഉദ്യോഗസ്ഥർ നടപടിക്രമങ്ങളിൽ നിരവധി പിഴവുകൾ വരുത്തി. രന്യ കുറ്റക്കാരിയാണോ അല്ലയോ എന്ന് ചർച്ച ചെയ്യുന്നില്ലെന്നും പക്ഷേ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടിക്രമ ലംഘനങ്ങൾ കാരണം ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ വാദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.