വരൾച്ച: കേന്ദ്രത്തോട് 4860 കോടി ആവശ്യപ്പെട്ടു -മുഖ്യമന്ത്രി
text_fieldsബംഗളൂരു: മഴ കിട്ടാത്തതിനാൽ വരൾച്ചഭീഷണി നേരിടുന്ന കർണാടക ദുരിതാശ്വാസമായി 4860 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരുവിൽ മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യം പറഞ്ഞത്. വരൾച്ചമൂലം കർണാടകക്ക് ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വരൾച്ചയെ അതിജീവിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. വരൾച്ചപ്രശ്നങ്ങൾ പഠിക്കുന്നതിന് മൂന്നു സംഘത്തെ ഇതിനകം കേന്ദ്രം സംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്. 11 ജില്ലകളിൽ സംഘം സന്ദർശനം നടത്തി. ഇവരുമായി താൻ കൂടിക്കാഴ്ച നടത്തി കർണാടകയുടെ വരൾച്ചയുടെ രൂക്ഷത ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാന പദ്ധതികൾക്ക് പണം നൽകുന്നതിനെ വരൾച്ച ബാധിക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്ന് അദ്ദേഹം മറുപടി നൽകി. 161 താലൂക്കുകൾ വരൾച്ച ബാധിതമായും 34 താലൂക്കുകൾ വരൾച്ച ഭീഷണിനേരിടുന്നവയായും സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നാല് അണക്കെട്ടുകളിലെയും കഴിഞ്ഞ മാസം ജലനിരപ്പ് 53.04 ശതമാനമായി കുറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.