വരൾച്ച ദുരിതാശ്വാസ ഫണ്ട്; പ്രതിഷേധ ധർണയുമായി കർണാടക സർക്കാർ
text_fieldsബംഗളൂരു: വരൾച്ച ദുരിതാശ്വാസ ഫണ്ട് അനുവദിച്ചപ്പോൾ കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് അനീതി കാണിച്ചതിൽ പ്രതിഷേധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.
വിദാൻ സൗധ പരിസരത്തെ മഹാത്മാഗാന്ധി പ്രതിമക്ക് മുമ്പിലാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മറ്റു മന്ത്രിമാർ, എം.എൽ.എമാർ അടക്കമുള്ളവർ പങ്കെടുത്ത പ്രതിഷേധ ധർണ നടന്നത്. ശൂന്യതയുടെയും വഞ്ചനയുടെയും പ്രതീകമായി കാലിക്കുടുക്കയും പിടിച്ചാണ് ശിവകുമാർ അടക്കമുള്ള നേതാക്കൾ ധർണക്കെത്തിയത്. പതിറ്റാണ്ടുകളായി കണ്ടിട്ടില്ലാത്ത കൊടുംവരൾച്ചയെ നേരിടാൻ മതിയായ സഹായം നൽകാതെ കർണാടകയെ വഞ്ചിച്ചെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ആകെയുള്ള 236 താലൂക്കുകളിൽ 226 എണ്ണവും വരൾച്ചബാധിത മേഖലയായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. 48 ലക്ഷം ഹെക്ടർ കൃഷിഭൂമിയിൽ വിളനാശം ഉണ്ടായെന്നാണ് കണക്ക്.
2023 സെപ്റ്റംബറിലായിരുന്നു സംസ്ഥാന സർക്കാർ വരൾച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 18171കോടി രൂപ ആവശ്യപ്പെട്ടിരുന്നത്. അതിൽതന്നെ കർണാടക സുപ്രീംകോടതിയെ സമീപിച്ചതിന് ശേഷമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ 3454 കോടി രൂപ അനുവദിച്ചത്. ദേശീയ ദുരന്തനിവാരണ നിധി (എൻ.ഡി.ആർ.എഫ്) പ്രകാരം വരൾച്ച ദുരിതാശ്വാസത്തിനുള്ള ധനസഹായം അനുവദിക്കാത്ത സർക്കാറിന്റെ നടപടി ആർട്ടിക്കിൾ 14 പ്രകാരം കർണാടകയിലെ ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹരജിയിൽ സർക്കാർ വാദിച്ചിരുന്നു.
കേന്ദ്രം ഇപ്പോൾ അനുവദിച്ച തുക സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ നാലിലൊന്നുപോലും വരില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവർ കുറ്റപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി കന്നടികരോട് പ്രതികാരം തീർക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാലയും പറഞ്ഞു. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകയിൽ വന്ന ദിവസമാണ് കർണാടക സർക്കാർ കേന്ദ്രത്തിനെതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. ബെലഗാവി, ഉത്തര കർണാടകയിലെ സിർസി, ദാവൻകരെ, ബെള്ളാരി, ബാഗൽകോട്ട് എന്നിവിടങ്ങളിലാണ് രണ്ട് ദിവസത്തിനിടെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത്.
കുമാരസ്വാമിയും കർണാടകയെ വഞ്ചിച്ചു -ഡി.കെ. ശിവകുമാർ
ബംഗളൂരു: കർണാടകക്ക് ആവശ്യമുള്ള വരൾച്ച ദുരിതാശ്വാസ ഫണ്ട് കേന്ദ്രം നൽകിയെന്ന് പറഞ്ഞ കുമാരസ്വാമി കർണാടകക്കാരെ വഞ്ചിക്കുകയാണെന്ന് ഡി.കെ. ശിവകുമാർ. ബംഗളൂരുവിലെ കെ.പി.സി.സി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെ പറയാൻ സംസ്ഥാനം ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും ഫണ്ടിനുവേണ്ടിയുള്ള നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കുമാരസ്വാമിയുടെ സഖ്യകക്ഷികളെന്ന നിലക്ക് അദ്ദേഹം ഡൽഹിയിൽ പോയി കൂടുതൽ പണം ആവശ്യപ്പെടുകയായിരുന്നു വേണ്ടിയിരുന്നതെന്നും ശിവകുമാർ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.