വരൾച്ച ദുരിതാശ്വാസം: ഗവർണർ ഇടപെടണം -ജെ.ഡി-എസ്
text_fieldsബംഗളൂരു: കർണാടകയിലെ വരള്‍ച്ച ദുരിതാശ്വാസത്തിന് കേന്ദ്ര സഹായമായ 17,181.44 കോടി രൂപ ലഭ്യമാക്കാൻ ഗവർണർ ഇടപെടണമെന്ന് ജെ.ഡി.എസ്.
ഇതുസംബന്ധിച്ച് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ടിന് ജെ.ഡി-എസ് നിവേദനം നല്കി. ജെ.ഡി-എസ് നിയോഗിച്ച വരള്‍ച്ച പഠനസംഘം കർണാടകയുടെ വിവിധ മേഖലകൾ സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ടും എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണര്‍ക്ക് നല്കി. കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാനും വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ഡെപ്യൂട്ടി കമീഷണര്‍മാര്‍ക്കും 10,000 കോടി രൂപ നല്‍കാനും സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തവണ മണ്‍സൂൺ മഴ കുറവായിരുന്നതിനാല്‍ 46.09 ലക്ഷം ഹെക്ടറിലെ കാര്‍ഷിക വിളകളും 2.06 ലക്ഷം ഹെക്ടറിലെ ഹോര്‍ട്ടികള്‍ചര്‍ വിളകളും നശിച്ചതായാണ് സര്‍ക്കാര്‍ കണക്ക്. ആകെ 35,162.05 കോടി രൂപയുടെ കൃഷി നശിച്ചു.
സംസ്ഥാനത്തെ 223 താലൂക്കുകള്‍ വരള്‍ച്ചബാധിതമായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സംസ്ഥാന സര്‍ക്കാര്‍ വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ലെന്ന് ജെ.ഡി.എസ് കുറ്റപ്പെടുത്തി. കര്‍ഷക ആത്മഹത്യ വർധിക്കുകയാണെന്നും നഗരമേഖലയിലും ഗ്രാമമേഖലയിലും കുടിവെള്ളം പ്രശ്നം രൂക്ഷമാവുകയാണെന്നും ചൂണ്ടിക്കാട്ടിയ ജെ.ഡി-എസ്, കര്‍ഷകര്‍ക്ക് തടസ്സമില്ലാതെയുള്ള വൈദ്യുതി വിതരണം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.