വരൾച്ചഭീഷണി കുറച്ച് മഴ 22 താലൂക്കുകൾ കൂടി വരൾച്ചബാധിതം
text_fieldsബംഗളൂരു: കർണാടകയിൽ അടുത്ത മൂന്നു ദിവസംകൂടി മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തമിഴ്നാട്, കേരളം സംസ്ഥാനങ്ങളിലും മഴസാധ്യതയുണ്ട്. തിങ്കളാഴ്ച കർണാടകയുടെ തെക്കൻ ഭാഗങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. ബംഗളൂരുവിലും വൻ മഴയാണ് കിട്ടിയത്. ബംഗളൂരു അർബൻ, മാണ്ഡ്യ, മൈസൂരു എന്നിവിടങ്ങളിൽ നല്ല മഴ പെയ്തു. വൈകീട്ട് 5.30ഓടെ തുടങ്ങിയ മഴ അർധരാത്രിയിലും ശക്തികുറയാതെ നീണ്ടുനിന്നു. തെക്കു പടിഞ്ഞാറ് മൺസൂൺ സീസണിൽ മഴ തീരെ കുറഞ്ഞതിനാൽ കർണാടക വരൾച്ചഭീഷണിയിലായിരുന്നു. തിങ്കളാഴ്ച കനത്ത മഴ പെയ്തത് സംസ്ഥാനത്തിന്റെ ജലദൗർലഭ്യതക്ക് ശമനമുണ്ടാക്കിയിട്ടുണ്ട്. കാവേരി വെള്ളം തമിഴ്നാടിന് നൽകണമെന്ന് കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി ഉത്തരവിട്ടിരുന്നു. എന്നാൽ, വരൾച്ചഭീഷണി ഉള്ളതിനാൽ തമിഴ്നാടിന് വെള്ളം നൽകാനാവില്ലെന്നാണ് കർണാടകയുടെ നിലപാട്. വേനൽക്കാലത്തേക്കായി വെള്ളം സംഭരിച്ചിരിക്കുന്ന മൈസൂരു കൃഷ്ണരാജസാഗർ (കെ.ആർ.എസ്) അണക്കെട്ടിൽ ജലനിരപ്പ് കൂടാൻ കഴിഞ്ഞ ദിവസത്തെ മഴ കാരണമായിട്ടുണ്ട്. മലനാട്, തീരദേശ ജില്ലകളിൽ അടുത്ത രണ്ടോ മൂന്നോ ദിവസങ്ങൾ കൂടി മഴയുണ്ടാകും.
അതിനിടെ 22 താലൂക്കുകൾ കൂടി വരൾച്ചബാധിതമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കലഘട്ട്ഗി, അല്ലാവർ, അന്നിഗെരി എന്നീ ധാർവാഡ് ജില്ലകളിലെ താലൂക്കുകൾ അടക്കമാണിത്. നേരത്തേ ഈ താലൂക്കുകൾ വരൾച്ചബാധിത പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. മേഖലയിൽ കനത്ത വരൾച്ച പ്രശ്നങ്ങൾ ഉള്ളതിനാൽ ജനം പ്രതിഷേധത്തിലായിരുന്നു. ഇതോടെയാണ് പുതിയ പട്ടികയിൽ ഈ താലൂക്കുകളും ഉൾപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.