വിദ്യാർഥിനികളുടെ മുങ്ങിമരണം: ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ
text_fieldsബംഗളൂരു: മുരുഡേശ്വർ ബീച്ചിൽ നാല് വിദ്യാർഥിനികൾ മുങ്ങിമരിക്കാനിടയായ സംഭവത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ.
കോലാർ ജില്ലയിലെ മുളബാഗിലു മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശശികലയെയാണ് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തത്. യാത്രസംഘത്തിലുണ്ടായിരുന്ന താൽക്കാലിക അധ്യാപകരെ പുറത്താക്കിയതായും കോലാർ ഡെപ്യൂട്ടി കമീഷണർ അക്രം പാഷ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഉത്തര കന്നട മുരുഡേശ്വർ ബീച്ചിൽ അപകടമുണ്ടായത്. മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിൽനിന്നുള്ള വിനോദ -പഠന യാത്രക്കായാണ് 46 വിദ്യാർഥികളും ആറ് അധ്യാപകരുമടങ്ങുന്ന സംഘം എത്തിയത്. ലൈഫ് ഗാർഡുകളുടെ മുന്നറിയിപ്പ് അവഗണിച്ച് ഏഴ് വിദ്യാർഥികൾ കടലിൽ ഇറങ്ങിയപ്പോൾ കൂടെയുണ്ടായിരുന്ന അധ്യാപകർ ഇടപെട്ടില്ലെന്നാണ് ആരോപണം. പ്രക്ഷുബ്ധമായ കടലിൽ പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. മുളബാഗിലു താലൂക്കിലെ പൂജാറഹള്ളി ഗോപാലപ്പയുടെ മകൾ ശ്രാവന്തി, എൻ. ഗദ്ദൂരിലെ ജയരാമപ്പയുടെ മകൾ ദീക്ഷ, ഹബ്ബാനി ഗ്രാമത്തിലെ ചന്നാരെദ്ദപ്പയുടെ മകൾ ലാവണ്യ, ദൊഡ്ഡഗട്ടഹള്ളി സ്വദേശി മുനിരാജിന്റെ മകൾ വന്ദന എന്നിവരാണ് മരിച്ചത്.
ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തയാക്കി വ്യാഴാഴ്ച കോലാർ ജില്ല ആസ്ഥാനത്തെത്തിച്ചു. ഡെപ്യൂട്ടി കമീഷണർ അക്രം പാഷ, എസ്.പി ബി. നിഖിൽ, അസി. ഡെപ്യൂട്ടി കമീഷണർ മംഗള, അസി. കമീഷണർ മൈത്രി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
പിന്നീട് ആംബുലൻസുകളിലായി മൃതദേഹങ്ങൾ വിദ്യാർഥിനികളുടെ ഗ്രാമത്തിലേക്കെത്തിച്ചു. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ സഹായം കുട്ടികളുടെ മാതാപിതാക്കൾക്ക് ഡെപ്യൂട്ടി കമീഷണർ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.