നിശാ ലഹരി പാർട്ടി; തെലുഗു നടിക്കും എട്ടുപേർക്കും വീണ്ടും നോട്ടീസ്
text_fieldsബംഗളൂരു: ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ജി.ആർ ഫാം ഹൗസിൽ നിശാ ലഹരി പാർട്ടിയിൽ പങ്കെടുത്ത തെലുഗു സിനിമ താരം ഹേമക്കും എട്ടുപേർക്കും കർണാടക പൊലീസ് നോട്ടീസയച്ചു. ഇവർ അനധികൃതമായി ലഹരി ഉപയോഗിച്ചത് രക്ത സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്നാണിത്. 98 രക്തസാമ്പിളുകൾ പരിശോധിച്ചതിൽ 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതിൽ 50 പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ്. ഇവരെ ഘട്ടംഘട്ടമായി ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ലഹരി നിശാ പാർട്ടി വൻ സെക്സ് റാക്കറ്റിലേക്ക് വഴി തുറക്കുമെന്നാണ് കരുതുന്നതെന്ന് സിറ്റി സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് പറഞ്ഞു.
എം.ഡി.എം.എ, കൊക്കയിൽ, കഞ്ചാവ്, ചരസ് തുടങ്ങിയ ലഹരികൾ ഫാം ഹൗസിൽ നിന്ന് പിടിച്ചെടുത്തിരുന്നു. രണ്ടാം തവണയാണ് പൊലീസ് നടിക്ക് നോട്ടീസ് അയക്കുന്നത്. കേസ് തുടരാതിരിക്കാൻ തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഉന്നതതല സമ്മർദമുണ്ടെന്ന് പൊലീസ് പറഞ്ഞു. ബംഗളൂരുവിൽ മയക്കുമരുന്നുപയോഗം നടന്ന നിശാപാർട്ടിയുമായി ബന്ധപ്പെട്ട് ഒരാളെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. പാർട്ടി സംഘടിപ്പിച്ചവരിൽ ഉൾപ്പെട്ട ഹൈദരാബാദ് സ്വദേശിയെയാണ് ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റുചെയ്തത്. ഇതോടെ അറസ്റ്റിലായവർ ആറായി.
സിനിമാനടികളും മോഡലുകളും ഐ.ടി രംഗത്ത് പ്രവർത്തിക്കുന്നവരുമുൾപ്പെടെ പങ്കെടുത്ത നിശാപാർട്ടി ഈ മാസം 18ന് ഹൈദരാബാദ് സ്വദേശി ജന്മദിനാഘോഷമെന്ന പേരിലാണ് സംഘടിപ്പിച്ചത്. സംഭവത്തോടനുബന്ധിച്ച് മൂന്ന് പൊലീസ് ഓഫിസർമാരെ സസ്പെൻഡ് ചെയ്തിരുന്നു. ഹെബ്ബഗോഡി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ നാരായണസ്വാമി, ഹെഡ്‌കോൺസ്റ്റബിൾ ദേവരാജ, കോൺസ്റ്റബിൾ ഗിരീഷ് എന്നിവരെയാണ് ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയതിന് ബംഗളൂരു റൂറൽ എസ്.പി സസ്പെൻഡ് ചെയ്തത്. ഹെബ്ബഗോഡി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നിശാപാർട്ടി നടന്ന ജി.ആർ ഫാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.