ദസറ: മൈസൂരുവിൽ 135 കിലോമീറ്റർ റോഡ് പ്രകാശപൂരിതമാക്കും
text_fieldsബംഗളൂരു: മൈസൂരു ദസറ ഉത്സവത്തിന് നഗരം അലങ്കാര ദീപാലങ്കാരങ്ങളാൽ തിളങ്ങും. ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോർപറേഷന്റെ നേതൃത്വത്തിൽ (സി.ഇ.എസ്.സി) 135 കിലോമീറ്റർ റോഡുകളും 119 സർക്കിളുകളുമാണ് പ്രകാശപൂരിതമാക്കുക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജന്മനാടുകൂടിയായതിനാൽ മൈസൂരുവിലെ ഈ വർഷത്തെ ആഘോഷങ്ങൾ സവിശേഷമാക്കാനാണ് തീരുമാനം. ഒക്ടോബർ 15 മുതൽ 24 വരെ നീണ്ടുനിൽക്കുന്ന നവരാത്രി കാലത്ത് ആകർഷകമായ പ്രദർശനങ്ങൾ നഗരദൃശ്യത്തെ അലങ്കരിക്കുമെന്ന് സി.ഇ.എസ്.സി സൂപ്രണ്ടിങ് എൻജിനീയർ എ. സുനിൽ കുമാർ പറഞ്ഞു. 135 കിലോമീറ്റർ റോഡിനുപുറമെ, പ്രമുഖ സർക്കിളുകളും ദൊഡ്ഡകെരെ മൈതാനം, കെ.ആർ. സർക്കിൾ, ചാമരാജ സർക്കിൾ, ജയചാമരാജ സർക്കിൾ (ഹാർഡിഞ്ച് സർക്കിൾ), രാമാനുജ സർക്കിൾ, റെയിൽവേ സ്റ്റേഷൻ പരിസരം, മാനസഗംഗോത്രി, ബന്നിമണ്ഡപത്തിലെ എൽ.ഐ.സി സർക്കിൾ, പ്രധാന സ്ഥലങ്ങളിലെ 30ലധികം കൂറ്റൻ നിർമിതികൾ എന്നിവയെല്ലാം ബൾബുകൾകൊണ്ട് അലങ്കരിക്കും.
ചരിത്രപ്രാധാന്യമുള്ള ജില്ല ഭരണ കെട്ടിടങ്ങൾ, മൈസൂർ സിറ്റി കോർപറേഷൻ കെട്ടിടം, മൈസൂർ സർവകലാശാലയുടെ ക്രോഫോർഡ് ഹാൾ, മുഡ (മൈസൂർ അർബൻ ഡെവലപ്മെന്റ് അതോറിറ്റി) ആസ്ഥാനം, കാഡ (കമാൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി - കാവേരി) ഓഫിസർമാരുടെ ക്വാർട്ടേഴ്സ്, സിറ്റി റെയിൽവേ സ്റ്റേഷൻ, മഹാരാജാസ് കോളജ്, മറ്റ് വിവിധ സർക്കാർ കെട്ടിടങ്ങൾ എന്നിവ ഉത്സവവിളക്കുകൾ കൊണ്ട് തിളങ്ങും.
കഴിഞ്ഞ അഞ്ചാറു വർഷമായി ഒരേ തരത്തിലുള്ള സീരിയൽ ലൈറ്റുകളാണ് പുതുമകളില്ലാതെ ഉപയോഗിക്കുന്നത്. എന്നിരുന്നാലും, ഇത്തവണ സന്ദർശകർക്ക് പുതിയ എന്തെങ്കിലും നൽകുന്നതിന് നൂതനമായ ലൈറ്റിങ്ങും സീരിയൽ ലൈറ്റുകളും പ്രദർശിപ്പിക്കാൻ ജില്ല മന്ത്രിയുടെ നിർദേശമുണ്ട്. ഈ ആവശ്യം ടെൻഡറുകളിൽ ഉൾപ്പെടുത്തി. വിലകുറഞ്ഞ ചൈനീസ് ഇല്യൂമിനേഷൻ സെറ്റുകളുടെയും സീരിയൽ ലൈറ്റുകളുടെയും ഉപയോഗം ഇത്തവണ അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.