കുടകിൽ വിനോദസഞ്ചാരം നിയന്ത്രിക്കാൻ ഇ-പാസ് ഏർപ്പെടുത്തുന്നു
text_fieldsമംഗളൂരു: വിനോദസഞ്ചാരികൾ കൂട്ടത്തോടെ കുടകിലെത്തുന്നത് നിയന്ത്രിക്കാൻ ടൂറിസം വകുപ്പ്. തമിഴ്നാട് സർക്കാർ ഊട്ടിയിലും കൊടൈക്കനാലിലും നടപ്പാക്കിയ ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ നടപടിയാരംഭിച്ചതായി കുടക് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അനിത ഭാസ്കർ പറഞ്ഞു. പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരമാണ് ലക്ഷ്യം.
ദൃശ്യ മനോഹാരിതയും സാഹസിക ഇടങ്ങളുമെല്ലാം കുടകിനെ വിനോദ സഞ്ചാരികളുടെ സ്വർഗമാക്കി. സന്ദർശനം ആവർത്തിക്കാൻ മാത്രം ആകർഷകമാണ് കുടക് മലനിരകളും തടാകങ്ങളും വെള്ളച്ചാട്ടവും ആനത്താവളവും. സന്ദർശക ബാഹുല്യം സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതം വർഷം തോറും കൂടുകയാണ്. തമിഴ്നാട്ടിൽ ഈ സ്ഥിതിക്ക് അറുതി കുറിക്കാൻ മദ്രാസ് ഹൈകോടതി വിധിയാണ് വഴിവെച്ചത്. വിനോദ സഞ്ചാരികളെ കുറക്കുക എന്നതായിരുന്നു കോടതി നിർദേശം. അതിനായി സർക്കാർ ഇ-പാസ് ഏർപ്പെടുത്തി.
കുടകിലെ പാതകൾ പ്രകൃതി ദുരന്തത്തിൽ തകർന്നിരിക്കുകയാണ്. നിയന്ത്രണങ്ങളുടെ ചെക്ക്പോസ്റ്റുകൾ മറികടന്ന് വാഹനങ്ങളും എത്തുന്നു. വിനോദ യാത്രക്കാർ വലിച്ചെറിയുന്ന പലയിനം മാലിന്യങ്ങളുടെ കൂനകൾ കുടക് പാതകൾക്കിരുവശവും കാണാം. കഴിഞ്ഞ വർഷം 13 ലക്ഷം വിനോദ സഞ്ചാരികളാണ് കുടക് സന്ദർശിച്ചതെന്ന് അനിത പറഞ്ഞു. അടുത്ത ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ അതിലേറെ പ്രവാഹം ഉണ്ടാവാം.
സഞ്ചാരികളുടെ അമിത ഒഴുക്ക് തടയാൻ ‘കൂട്ട വരവ് കുടകിനെ നശിപ്പിക്കും; കുറച്ചു വരൂ കുടകിനെ കരുതൂ’ പ്രചാരണവുമായി അധികൃതർ രംഗത്തുവന്നു. കുടകിൽ പലയിടങ്ങളിലും ഇത്തരം ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. കുടകിനെയും കാവേരി നദിയെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.