ബംഗളൂരു സ്വർണക്കടത്ത് കേസ്; കർണാടകയിൽ ഇ.ഡി റെയ്ഡ്
text_fieldsബംഗളൂരു: കന്നട നടി രന്യ റാവു മുഖ്യപ്രതിയായ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബംഗളൂരുവടക്കം കർണാടകയിലെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) രജിസ്റ്റർചെയ്ത കേസിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ഇ.ഡിയുടെ ഇടപെടൽ. നടിയെ മുൻ നിർത്തി സ്വർണക്കടത്തിലൂടെ വൻ കള്ളപ്പണ റാക്കറ്റ് പ്രവർത്തിച്ചിരുന്നതായാണ് ഇ.ഡിയുടെ നിഗമനം. കള്ളക്കടത്തു സംഘത്തിൽ പ്രമുഖ വ്യക്തികളും സർക്കാർ ഉദ്യോഗസ്ഥരുമടക്കം പങ്കാളികളാണെന്ന് സംശയിക്കുന്നുണ്ട്.
മാർച്ച് മൂന്നിനാണ് 12.56 കോടിയുടെ സ്വർണവുമായി ദുബൈയിൽനിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയ നടി രന്യ റാവു ഡി.ആർ.ഐ സംഘത്തിന്റെ പിടിയിലാവുന്നത്. പിന്നീട് ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 2.06 കോടിയുടെ ആഭരണങ്ങളും 2.67 കോടി രൂപയും കണ്ടെടുത്തു. കർണാടക ഡി.ജി.പി കെ. രാമചന്ദ്ര റാവുവിന്റെ വളർത്തുമകളാണ് നടി രന്യ റാവു. ഡി.ജി.പിയുടെ മകൾ എന്ന പേരിൽ ഗ്രീൻ ചാനൽ സൗകര്യവും വിമാനത്താവളത്തിൽനിന്ന് പൊലീസ് അകമ്പടിയും ഉപയോഗപ്പെടുത്തിയായിരുന്നു രന്യയുടെ സ്വർണക്കടത്ത്. സ്വർണക്കടത്തിൽ ഡി.ജി.പിക്ക് പങ്കുണ്ടോ എന്ന കാര്യം അഡീഷനൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തിൽ അന്വേഷിക്കും.
കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ എം.ഡിയാണ് രാമചന്ദ്ര റാവു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് വിമാനത്താവളങ്ങളിൽ നൽകുന്ന പ്രോട്ടോകോൾ സുരക്ഷ കർണാടക സർക്കാർ പിൻവലിച്ചിരുന്നു. പ്രോട്ടോകോളിലുണ്ടായ വീഴ്ച സംബന്ധിച്ച് സി.ഐ.ഡി വിഭാഗം അന്വേഷിക്കാൻ തിങ്കളാഴ്ച രാത്രി സർക്കാർ ഉത്തരവിട്ടിരുന്നെങ്കിലും പ്രസ്തുത ഉത്തരവ് ബുധനാഴ്ച പിൻവലിച്ചു. ഡി.ജി.പിക്കെതിരെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനാൽ സമാന വിഷയത്തിൽ സമാന്തര അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പിൻവലിച്ചത്. ഉത്തരവ് പിൻവലിക്കാൻ സർക്കാറിന് മേൽ ഒരു സമ്മർദവുമുണ്ടായിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.