കർണാടക കോൺഗ്രസ് എം.എൽ.എക്കെതിരെ നടപടിക്ക് അനുമതി തേടി ഇ.ഡി
text_fieldsബംഗളൂരു: കർണാടകയിലെ കോൺഗ്രസ് എം.എൽ.എക്കെതിരെ നടപടിക്ക് അനുമതി തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. ബെള്ളാരി സിറ്റി എം.എൽ.എ എൻ. ഭരത് റെഡ്ഡിക്കെതിരെയാണ് ഇ.ഡി നടപടിക്കൊരുങ്ങുന്നത്. 2023ലെ നിയമസഭ തെരഞ്ഞെടുപ്പു സമയത്ത് 42 കോടിയുടെ അനധികൃത ഇടപാട് നടത്തിയതായാണ് ഇ.ഡി ആരോപണം. വോട്ടർമാരെ പണംനൽകി സ്വാധീനിച്ചതടക്കമുള്ള ഇടപാടുകൾ നടന്നതായി ഇ.ഡി ചൂണ്ടിക്കാട്ടുന്നു. ഇതേ വിഷയത്തിൽ കള്ളപ്പണം തടയുന്നതിനെതിരെയുള്ള നിയമത്തിലെ 66 (2) വകുപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ കർണാടക ലോകായുക്തക്കും ഇ.ഡി കത്തുനൽകിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 10ന് ഭരത് റെഡ്ഡിയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും കർണാടകയിലെയും ആന്ധ്രയിലെയും വീടുകളിലും സ്ഥാപനങ്ങളിലുമായി 14 ഇടങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏതാനും മാസങ്ങളിൽ 42.07 കോടി രൂപ റെഡ്ഡി സമാഹരിച്ചതായി തെളിവുണ്ടെന്ന് ഇ.ഡി അവകാശപ്പെട്ടു. ഇതിൽ നല്ലൊരു ശതമാനവും പണമായി വോട്ടർമാർക്കിടയിൽ വിതരണം ചെയ്തതായും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി വിനിയോഗിച്ചെന്നും ഇ.ഡി ആരോപിക്കുന്നു.
റെയ്ഡിനിടെ പിടിച്ചെടുത്ത രേഖകളുടെ വിവരങ്ങൾ ഇ.ഡി തെരഞ്ഞെടുപ്പ് കമീഷന് കൈമാറി. റെയ്ഡിൽ പിടിച്ചെടുത്ത വിവരങ്ങളുമായി ബന്ധപ്പെട്ട് ഭരത് റെഡ്ഡിക്ക് ഇമെയിൽ അയച്ചിരുന്നെങ്കിലും മറുപടി നൽകിയില്ലെന്ന് അറിയിച്ച ഇ.ഡി, എം.എൽ.എയുടെ പ്രവൃത്തി ജനപ്രാതിനിധ്യ നിയമത്തിന് എതിരായതിനാൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വിദേശ കമ്പനികളിലെ വെളിപ്പെടുത്താത്ത നിക്ഷേപവുമായി ബന്ധപ്പെട്ട് എൻ. ഭരത് റെഡ്ഡിയുടെ സഹോദരൻ ശരത് റെഡ്ഡിക്ക് ഫെബ്രുവരി 13ന് ഇ.ഡി നോട്ടീസ് നൽകിയിരുന്നു. ഭരത് റെഡ്ഡി ബിനാമി ഇടപാടുകൾ നടത്തിയതായും ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് അവരറിയാതെ പണമിടപാടുകൾ നടത്തിയതായും ഇ.ഡി ആരോപിക്കുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബെള്ളാരി സിറ്റി മണ്ഡലത്തിൽ 37,000 വോട്ടിനാണ് എൻ. ഭരത് റെഡ്ഡി കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചത്. ഖനി അഴിമതി വീരൻ ഗാലി ജനാർദന റെഡ്ഡി ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞ് രൂപവത്കരിച്ച കല്യാണ രാജ്യ പ്രഗതി പക്ഷ സ്ഥാനാർഥിയും ജനാർദന റെഡ്ഡിയുടെ ഭാര്യയുമായ ഗാലി ലക്ഷ്മി അരുണയെയായിരുന്നു ഭരത് റെഡ്ഡി തോൽപിച്ചത്. ജനാർദന റെഡ്ഡിയുടെ സഹോദരനും ബി.ജെ.പി സ്ഥാനാർഥിയുമായ ഗാലി സോമശേഖര റെഡ്ഡി മൂന്നാമതായിരുന്നു. ജനാർദന റെഡ്ഡിയുടെ പാർട്ടി അടുത്തിടെ ബി.ജെ.പിയിൽ ലയിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.