സ്കൂളുകളിൽ വിദ്യാർഥികൾക്ക് മുട്ടയോ പഴമോ നൽകും
text_fieldsബംഗളൂരു: ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന്റെ കൂടെ മുട്ടയോ നേന്ത്രപ്പഴമോ നൽകണമെന്ന് സർക്കാർ ഉത്തരവിട്ടു. എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന ബി.ജെ.പി-ജെ.ഡി.എസ് സഖ്യ സർക്കാറിന്റെ കാലത്ത് മതപരമായ കാരണങ്ങളാൽ ഉച്ചഭക്ഷണത്തിൽനിന്ന് മുട്ട ഒഴിവാക്കിയിരുന്നു. എന്നാൽ, പിന്നീട് വന്ന ബി.ജെ.പി സർക്കാർ ഇത് ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ, വിദ്യാർഥികൾക്ക് മുട്ട നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ നിരന്തരം വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ടായിരുന്നു.
മുട്ട നൽകുന്നത് വിദ്യാർഥികൾക്കിടയിൽ വിവേചനം ഉണ്ടാക്കുമെന്ന് ഒരു കൂട്ടർ വാദിച്ചപ്പോൾ ആവശ്യമായ പോഷകം കിട്ടണമെങ്കിൽ നിർബന്ധമായും മുട്ട നൽകണമെന്ന് സാമൂഹികപ്രവർത്തകരടക്കം വാദിച്ചു. തീവ്രഹിന്ദുത്വ സംഘടനകൾ മുട്ട വിതരണത്തിനെതിരെയും നിലപാടെടുത്തിരുന്നു. മുൻ സർക്കാറിന്റെ കാലത്ത് ഫണ്ട് നൽകാത്തത് അടക്കമുള്ള കാരണങ്ങളാൽ പല സ്കൂളുകളിലും മുട്ട വിതരണം നിലച്ചിരുന്നു.
ഇതോടെയാണ് സിദ്ധരാമയ്യ സർക്കാർ മുട്ട, അല്ലെങ്കിൽ നേന്ത്രപ്പഴം എന്നിവ കുട്ടികൾക്ക് നൽകണമെന്ന് പുതുതായി ഉത്തരവിട്ടിരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാനത്തെ എല്ലാ എയ്ഡഡ് -നോൺ എയ്ഡഡ് സ്കൂളുകൾക്കും അയച്ചു. മുട്ട കഴിക്കാത്ത കുട്ടികൾക്ക് നേന്ത്രപ്പഴമോ നിലക്കടല കൊണ്ടുള്ള മിഠായിയോ നൽകണം. ആഗസ്റ്റ് 20 മുതൽ ആഴ്ചയിലൊരിക്കൽ ഇത്തരത്തിൽ മുട്ടയോ പഴമോ നൽകുന്നത് തുടങ്ങണം. ഒന്നിന് എട്ടുരൂപ എന്ന നിരക്കിലാണ് സ്കൂളുകൾ മുട്ട, പഴം, കടലമിഠായി എന്നിവ വാങ്ങേണ്ടത്. ഈ അധ്യയന വർഷം മുതൽ സംസ്ഥാനത്തെ ഉച്ചഭക്ഷണത്തിൽ ചോളവും ചെറുപയറും ഉൾപ്പെടുത്തുകയും ചെയ്യും. വർഷത്തിൽ 46 ദിവസം മുട്ടകൾ നൽകുന്നത് 80 ദിവസങ്ങളായി കൂട്ടും. കുട്ടികളിൽ പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് പരിഷ്കാരം വരുത്തുന്നത്.
ചോളം ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നത് കഴിഞ്ഞ വർഷം മുതൽ ആലോചനയിലുള്ളതാണ്. എന്നാൽ ചെറുപയർ ആദ്യമായാണ് ഉച്ചഭക്ഷണത്തിൽ ഇടംപിടിക്കുന്നത്. മുത്താറിയും അരിച്ചോളവും ഭക്ഷണത്തിൽ വേണമെന്നും നിർദേശമുണ്ടായിരുന്നു. പാൽ പൂർണമായും പോഷകസമൃദ്ധമല്ലെന്നും ഇതിനാലാണ് ചെറുപയർ ഉൾപ്പെടുത്താൻ തീരുമാനിക്കുന്നതെന്നും പൊതുവിപണിയിൽ നിന്ന് ചെറുപയർ പ്രാപ്യമായ വിലയിൽ ലഭിക്കാനുള്ള ചർച്ചകൾ നടത്തുകയാണെന്നും അധികൃതർ പറയുന്നു. ചോളവും ചെറുപയറും നൽകുന്ന ദിവസം ചോറും ഗോതമ്പും നൽകാത്ത രൂപത്തിൽ ക്രമീകരണം വരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.