ത്യാഗസ്മരണകളുമായി ഇന്ന് ബലിപെരുന്നാൾ ആഘോഷം
text_fieldsബംഗളൂരു: സഹനത്തിന്റെയും ത്യാഗത്തിന്റെ സ്മരണകളുണർത്തി മുസ്ലിംകൾ വ്യാഴാഴ്ച ബലി പെരുന്നാൾ ആഘോഷിക്കും. പ്രവാസികൾക്കായി ബംഗളൂരു നഗരത്തിൽ വിവിധ മേഖലകളിൽ മുസ്ലിം സംഘടനകളുടെയും കൂട്ടായ്മകളുടെയും മഹല്ലുകളുടെയും നേതൃത്വത്തിൽ പള്ളികളിലും പ്രത്യേകം ഈദ്ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരം അരങ്ങേറും. മലബാർ മുസ്ലിം അസോസിയേഷൻ, ബാംഗ്ലൂർ ഇസ്ലാഹി സെന്റർ, സുന്നി മാനേജ്മെന്റ് അസോസിയേഷൻ തുടങ്ങിയവക്ക് കീഴിലെ വിവിധ മസ്ജിദുകളിലും ഈദ്ഗാഹിലും കോൾസ് പാർക്ക് മസ്ജിദ് റഹ്മ, നാഗർഭാവി നൈസ് മഹല്ല്, ഖുവ്വത്തുൽ ഇസ്ലാം ട്രസ്റ്റ് എന്നിവക്ക് കീഴിലും പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചിട്ടുണ്ട്.
നഗരത്തിൽ പലയിടത്തും ഈദ്ഗാഹുകൾ നടക്കുന്നതിനാൽ ചില പാതകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. രാവിലെ എട്ടു മുതൽ രാവിലെ 11.30 വരെയാണ് നിയന്ത്രണം. ബസവേശ്വര സർക്കിൾ മുതൽ സി.ഐ.ഡി ജങ്ഷൻ വരെ നിയന്ത്രണമുള്ളതിനാൽ യാത്രികർ പകരം ദേവരാജ് അരശ് റോഡ് ഉപയോഗിക്കണം. ലാൽബാഗ് മെയിൻ ഗേറ്റ് മുതൽ കണ്ണപ്പ പെട്രോൾ ബങ്ക് വരെ ഗതാഗതം തടഞ്ഞിട്ടുണ്ട്. യാത്രക്കാർ ഉർവശി, സിദ്ധാർഥ് റോഡ്, 34 ാം ജങ്ഷൻ, വിൽസൻ ഗാർഡൻ മെയിൻ റോഡ്, ഹൊസൂർ റോഡ് വഴി യാത്ര ചെയ്യണം. ടോൾ ഗേറ്റ് മുതൽ സിർസി സർക്കിൾ വരെ നിയന്ത്രണമുള്ളതിനാൽ സിർസി സർക്കിളിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് മൈസൂരു റോഡ് വഴി ബിന്നി മിൽ, ടാങ്ക് ബങ്ക് റോഡ്, മാഗഡി റോഡ്, വിജയനഗർ വഴി യാത്ര ചെയ്യണം. മൈസൂരു റോഡിൽനിന്ന് സിറ്റി മാർക്കറ്റ് ഭാഗത്തേക്ക് പോകുന്നവർ ഇടത്തോട്ട് തിരിഞ്ഞ് കിംകോ ജങ്ഷൻ വഴി മാർക്കറ്റ് ഭാഗത്തേക്ക് പോകണം.
പെരുന്നാൾ നമസ്കാര ശേഷമുള്ള പ്രധാന കർമങ്ങളിലൊന്നായ ബലിയറുക്കലിന് പ്രത്യേക മാർഗനിർദേശങ്ങൾ ബി.ബി.എം.പി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി 8277100200 എന്ന ഹെൽപ് ലൈൻ നമ്പറും തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.