പെരുന്നാളിന്റെയും ഉഗാദിയുടെയും ആഘോഷത്തിലേക്ക് നഗരം
text_fieldsബംഗളൂരു: കന്നഡ നാട്ടിലെ പുതുവത്സര ആഘോഷമായ ഉഗാദിയുടെയും പരിശുദ്ധ റമദാന്റെ സമാപനമായി ഈദുൽ ഫിത്റിന്റെയും ആഘോഷത്തിനൊരുങ്ങി നഗരം. കർണാടകയിൽ ഞായറാഴ്ചയാണ് ഉഗാദി ആഘോഷം. പെരുന്നാൾ പിറ കാണുന്നതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും ചെറിയ പെരുന്നാൾ ആഘോഷം.
ആഘോഷ ദിവസങ്ങൾ വാരാന്ത്യദിനത്തോട് ചേർന്നുവരുന്നതിനാൽ മലയാളികൾ മിക്കവരും കുടുംബസമേതം നാട്ടിലേക്ക് മടങ്ങുകയാണ്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്കാണ്. കേരള ആർ.ടി.സിയും കർണാടക ആർ.ടി.സിയും സ്പെഷൽ സർവിസുകൾ ഏർപ്പെടുത്തിയിരുന്നു. സ്വകാര്യ ബസുകൾക്കും ചാകരയാണ്. നാട്ടിലേക്കുള്ള എല്ലാ ട്രെയിനുകളിലും ദിവസങ്ങൾക്കുമുമ്പെ ടിക്കറ്റുകൾ തീർന്നിരുന്നു.
ബംഗളൂരുവിൽ കഴിയുന്ന പ്രവാസി മുസ്ലിംകൾ ചെറിയ പെരുന്നാൾ ആഘോഷത്തിനായി ഒരുക്കങ്ങൾ ആരംഭിച്ചു. മസ്ജിദ് കമ്മിറ്റികൾക്കും വിവിധ സംഘടനകൾക്കും കൂട്ടായ്മകൾക്കും കീഴിൽ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം സംഘടിപ്പിക്കും. ഓരോ വിശ്വാസിയും നൽകേണ്ട ഫിത്ർ സകാത്തിന്റെ ഓഹരിയും പെരുന്നാളിന് മുമ്പെ ഒറ്റക്കും കൂട്ടായുമെല്ലാം വിതരണം ചെയ്യും. നോമ്പിന്റെ അവസാന ദിനങ്ങളിൽ മസ്ജിദുകളും വീടുകളും കൂടുതൽ പ്രാർഥനാനിരതമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.