തെരുവുനായുടെ ആക്രമണത്തിൽ എട്ടുവയസ്സുകാരിക്ക് ഗുരുതര പരിക്ക്
text_fieldsബംഗളൂരു: നഗരത്തിൽ വീണ്ടും തെരുവുനായുടെ ആക്രമണം. ഇത്തവണ ഇരയായത് എട്ടു വയസ്സുകാരി. തെരുവുനായുടെ ആക്രമണത്തില്‍ എട്ടു വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളൂരു ലക്ഷ്മിദേവി നഗര്‍ സ്വദേശിനിയായ നൂറിന് ഫലക്കിനാണ് പരിക്കേറ്റത്.
ആക്രമണത്തില്‍ കഴുത്തിലും മുഖത്തും ആഴത്തിലുള്ള മുറിവുകളേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ പിതാവിനും കടിയേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഭക്ഷണത്തിന് ശേഷം പുറത്ത് നടക്കാനിറങ്ങിയ കുട്ടിയേയും പിതാവിനേയും തെരുവുനായ് പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു. സമീപവാസികളും വഴിയാത്രക്കാരും എത്തിയാണ് നായെ ഓടിച്ചത്. പിന്നീട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ ചികിത്സച്ചെലവ് പൂര്‍ണമായും ഏറ്റെടുക്കുമെന്നും കുടുംബത്തിന് 10,000 രൂപ സഹായധനം നൽകുമെന്നും ബി.ബി.എം.പിയുടെ മൃഗസംരക്ഷണവിഭാഗം അറിയിച്ചു. തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ ബി.ബി.എം.പി നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ഹൈകോടതിയും നഗരസഭക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് ലക്ഷ്മിദേവി നഗര്‍. പ്രദേശത്തെ ചില വീട്ടുകാരും ഹോട്ടലുകാരും ബാക്കിയാകുന്ന ഭക്ഷണം നായ്ക്കള്‍ക്ക് നല്കുന്നതുമൂലം പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.