തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ഏഴ് ഗുണ്ടകളെ നാടുകടത്താൻ ഉത്തരവ്, 286 പേർ പട്ടികയിൽ
text_fieldsമംഗളൂരു:ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താനും സുരക്ഷാ നടപടി ഭാഗമായും കർണാടക -കേരള അതിർത്തികളിൽ വാഹന പരിശോധന തുടങ്ങി. രേഖകളില്ലാതെ അരലക്ഷം രൂപയിൽ കൂടുതൽ കൈവശം വെക്കരുതെന്ന നിയമം യാത്രക്കാർ കർശനമായി പാലിക്കണം. മതിയായ രേഖയില്ലാതെ അധിക തുകയുമായി യാത്ര ചെയ്താൽ പിടിവീഴും.10,000 രൂപയിൽ കൂടുതൽ വിലയുള്ള ഉപഹാരങ്ങൾ കടത്താൻ പാടില്ല.
ബാങ്ക് സ്ലിപ്പ്, എ.ടി.എം സ്ലിപ്പ് തുടങ്ങിയ രേഖകൾ പണം കൈവശം വെക്കുന്നവർ കരുതണം. വിവാഹം, ഗൃഹപ്രവേശം, ജന്മദിനാഘോഷം തുടങ്ങിയവക്ക് സമ്മാനങ്ങൾ കൊണ്ടുപോവുന്നവർ ബന്ധപ്പെട്ട ക്ഷണക്കത്തുകൾ കൈവശം വെക്കണം.
അനധികൃത ഇടപാടുകൾ നിരീക്ഷിക്കാൻ ദക്ഷിണ കന്നട ജില്ലയിൽ 23 പ്രത്യേക ചെക്ക് പോസ്റ്റുകൾ പ്രവർത്തനം തുടങ്ങി. സുരക്ഷാ നിരീക്ഷണത്തിനായി 24 വീഡിയോ സംഘങ്ങളെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചു. ക്രമസമാധാന പാലനം മുൻനിറുത്തി ഏഴ് ഗുണ്ടകളെ മൂന്ന് മാസത്തേക്ക് മംഗളൂരുവിൽ നിന്ന് വിദുര ജില്ലകളിലേക്ക് നാടുകടത്താൻ ഉത്തരവിട്ടതായി സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ അറിയിച്ചു.
കൊടിച്ചാലിലെ പ്രീതം,ഉർവയിലെ ഹേമന്ത് എന്ന സോനു,കൊടേകാറിലെ ശിവരാജ് എന്ന ശിവു,സോമേശ്വർ പിളറിലെ എഡ്വിൻ രാഹുൽ ഡിസൂസ, ഉള്ളാൾ മേലങ്ങാടിയിലെ കെ.ഇബ്രാഹിം,കോഡിക്കാലിലെ പ്രവീൺ പൂജാരി,ദേർളകട്ടയിലെ മുഹമ്മദ് മുസ്തഫ എന്നിവരെയാണ് നാടുകടത്തുന്നത്. 286 പേർ അനിവാര്യമെങ്കിൽ നാടുകടത്തേണ്ടവരുടെ പട്ടികയിൽ ഉണ്ടെന്ന് കമ്മീഷണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.