ദേശീയ പാതകൾ ടോൾ പ്ലാസകളിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ
text_fieldsബംഗളൂരു: സംസ്ഥാനത്തെ ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള അതിവേഗ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. പുണെ-ബംഗളൂരു ദേശീയ പാതയിലെ തുമകുരു, ഹിരിയൂർ, ചിത്രദുർഗ, ദാവനഗരെ, ബെളഗാവി ടോൾ പ്ലാസകളിൽ ഉടൻ ചാർജിങ് സ്റ്റേഷനുകൾ വരും. നഗരത്തിലെ വൈദ്യുതി നിർമാണ കമ്പനിയായ ബെസ്കോമിന്റെ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി.
ഇതിനായി ദേശീയപാത അതോറിറ്റിയെ സമീപിച്ചതായും അനുമതിക്കായി കാത്തിരിക്കുകയാണെന്നും ബെസ്കോം ഡെപ്യൂട്ടി ജനറൽ മാനേജർ കെ. ശ്രീനാഥ് പറഞ്ഞു. ബംഗളൂരു-ചെന്നൈ ദേശീയ പാതയിൽ ഹൊസ്കോട്ടെ, കോലാർ, മുൾബാഗൽ, നാംഗലി എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ സ്ഥാപിക്കുക. ബംഗളൂരു-മൈസൂരു ദേശീയപാതയിൽ രാമനഗര ടോൾ പ്ലാസയിലും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. നഗരത്തിലെ മലിനീകരണത്തിന് പരിഹാരം കാണാൻ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം സഹായിക്കുമെന്ന് സെന്റർ ഫോർ സ്റ്റഡി ഓഫ് സയൻസ് ടെക്നോളജി ആൻഡ് പോളിസി (സി.എസ്.ടി.ഇ.പി) നടത്തിയ പഠനത്തിൽ പറയുന്നു.
2030 ആകുമ്പോഴേക്കും കുതിച്ചുയരുന്ന കാർബൺ ബഹിർഗമനം പിടിച്ചുനിർത്താൻ ഇലക്ട്രിക് വാഹന ഉപയോഗത്തിന് കഴിയും. 2030ൽ നഗരത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 23 ലക്ഷമായി വർധിക്കും. ബംഗളൂരു നഗര പരിധിയിൽ 74 ഇടങ്ങളിലായി 159 ചാർജിങ് സ്റ്റേഷനുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.