ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു
text_fieldsബംഗളൂരു: മൈസൂരുവിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് പൊട്ടിത്തെറിച്ചു. ഗൺ ഹൗസിന് സമീപം കോട്ടേ മാരാമ്മ ക്ഷേത്രത്തിനടുത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചാമരാജ ഡബ്ൾ റോഡിൽ രാമസ്വാമി സർക്കിളിന് സമീപത്തെ പ്രിന്റിങ് പ്രസിൽ ജോലി ചെയ്യുന്ന ഗുണ്ടൽപേട്ട് സ്വദേശിയായ ബസവരാജുവാണ് അപകടത്തിൽപെട്ടത്.
കോട്ടേ മാരാമ്മ ക്ഷേത്രത്തിന് സമീപമെത്തിയപ്പോൾ അതുവഴി വന്ന ഏതാനും വാഹനയാത്രക്കാരാണ് സ്കൂട്ടറിന് തീപിടിച്ച വിവരം അറിയിച്ചത്. ബസവരാജു ഉടൻ സ്കൂട്ടർ നിർത്തി സുരക്ഷിത ദൂരത്തേക്ക് ഓടിമാറി. ഉടൻ സ്കൂട്ടറിൽ തീപടരുകയും നിമിഷങ്ങൾക്കകം സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയും ചെയ്തു. സ്കൂട്ടർ മുഴുവനായും കത്തിനശിച്ചു. മൈസൂരു ട്രാഫിക് എ.സി.പി പ്രശുരാമപ്പ, ദേവരാജ ട്രാഫിക് സബ് ഇൻസ്പെക്ടർ എന്നിവർ സംഭവസ്ഥലത്തെത്തി ഗതാഗതം തിരിച്ചുവിട്ടു.
സരസ്വതിപുരം ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് എമർജൻസി സർവിസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു. അപ്പോഴേക്കും സ്കൂട്ടർ കത്തിനശിച്ചിരുന്നു. ഇ-സ്കൂട്ടറുകൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എ.സി.പി മുന്നറിയിപ്പ് നൽകി. ഇ-സ്കൂട്ടറുകളുടെ ബാറ്ററികൾ പതിവായി പരിശോധിക്കണമെന്നും സുരക്ഷക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.