വൈദ്യുതി നിരക്ക് വർധന: കർണാടകയിൽ ഇന്ന് വ്യവസായ ബന്ദ്
text_fieldsബംഗളൂരു: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വർധിപ്പിച്ചതിനെതിരെ കർണാടക ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ബന്ദ് ഇന്ന്. വ്യാഴാഴ്ച സംസ്ഥാനത്തെ വ്യവസായസ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് ബന്ദ് നടത്താനാണ് സംഘടനയുടെ തീരുമാനം. വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനാൽ ജൂണിൽ വലിയതുകയുടെ ബില്ലാണ് ലഭിച്ചത്. ഇതുമൂലം കനത്ത സാമ്പത്തികബാധ്യതയാണ് വ്യവസായികൾക്കുണ്ടായിരിക്കുന്നത്. സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. മേയ്12നാണ് വൈദ്യുതിക്ക് യൂനിറ്റിന് ഏഴുപൈസ വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിന് മുൻകൂർ പ്രാബല്യമുണ്ട്.
ഏപ്രില്‍ മുതലുള്ള വര്‍ധിപ്പിച്ച നിരക്ക് ഈടാക്കിയതും മാര്‍ച്ചില്‍ അധികമായി വൈദ്യുതി വാങ്ങേണ്ടിവന്നതുമാണ് നിരക്ക് വര്‍ധനക്ക് കാരണമായി വൈദ്യുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നത്. എല്ലാവര്‍ഷവും മാര്‍ച്ച് അവസാനത്തോടെയാണ് ഇതുസംബന്ധിച്ച വിജ്ഞാപനമിറങ്ങുക. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ വിജ്ഞാപനം പുറത്തിറക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ മുന്‍കൂര്‍ പ്രാബല്യത്തോടെ തെരഞ്ഞെടുപ്പിനുശേഷം മേയ് 12നാണ് യൂനിറ്റിന് ഏഴുപൈസ വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കൂര്‍ പ്രാബല്യത്തോടെയുള്ള ഈ വര്‍ധന ജൂണിലെ ബില്ലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം മാര്‍ച്ചില്‍ അധികമായി വാങ്ങേണ്ടിവന്ന വൈദ്യുതിയുടെ തുകയും ഈടാക്കി. ഇതാണ് വൈദ്യുതി ബിൽ വര്‍ധനക്കിടയാക്കിയത്. വരും മാസങ്ങളില്‍ ബില്‍ സാധാരണ നിലയിലാകുമെന്ന് വൈദ്യുതി വകുപ്പ് പറയുന്നു. അതേസമയം, വ്യാഴാഴ്ചത്തെ വ്യവസായ ബന്ദിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലാണ് വ്യാപാരി- വ്യവസായികൾ നടത്തുന്ന ബന്ദിന് പിന്തുണ നൽകിയത്.
സിദ്ധരാമയ്യ സർക്കാർ ജനദ്രോഹപരമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും വ്യവസായികളും സാധാരണക്കാരും ഇതിന്റെ ഫലമനുഭവിച്ചു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സിദ്ധരാമയ്യ സർക്കാറല്ല മുൻ ബി.ജെ.പി. സർക്കാറിന്റെ കാലത്താണ് വൈദ്യുതി റെഗുലേറ്ററി കമീഷൻ നിരക്ക് വർധിപ്പിച്ചതെന്നും ബി.ജെ.പി.യുടെ പുതിയ നിലപാട് അപഹാസ്യമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. നിരക്ക് വർധനയിൽ നിലവിലെ സർക്കാറിന് പങ്കില്ലെന്നും വൈദ്യുതി റെഗുലേറ്ററി കമീഷനാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം. ഓരോവർഷവും വൈദ്യുതി ലഭ്യതയും വിതരണച്ചെലവും അടിസ്ഥാനമാക്കി റെഗുലേറ്ററി കമീഷനാണ് നിരക്ക് നിശ്ചയിക്കുന്നത്. ഇതനുസരിച്ച് കഴിഞ്ഞ മാർച്ചിൽ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ തെരഞ്ഞെടുപ്പിനുശേഷമാണ് നിരക്ക് വർധന പ്രഖ്യാപിച്ചതെന്നും കോൺഗ്രസ് വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.