ഖരമാലിന്യ ഊർജ പ്ലാന്റിൽനിന്ന് രണ്ടു ലക്ഷം വീടുകളിൽ വൈദ്യുതി എത്തിക്കും
text_fieldsബംഗളൂരു: കർണാടകയിൽ ആദ്യമായി രാമനഗരയിൽ സ്ഥാപിച്ച ഖരമാലിന്യ ഊർജ പ്ലാന്റിൽനിന്ന് രണ്ട് ലക്ഷം വീടുകളിൽ വൈദ്യുതി എത്തിക്കുമെന്ന് ബൃഹത് ബംഗളൂരു മഹാ നഗരപാലിക (ബി.ബി.എം.പി.) ചീഫ് കമീഷണർ തുഷാർ ഗിരനാഥ് പറഞ്ഞു. പത്തേക്കർ സ്ഥലത്ത് 260 കോടി രൂപ ചെലവിൽ സ്ഥാപിച്ച പ്ലാന്റിന്റെ പരീക്ഷണ ഉല്പാദനം വിജയകരമായി നടത്തിയതായി അദ്ദേഹം അറിയിച്ചു. ദിവസേന 11.5 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ശേഷി പ്ലാന്റിനുണ്ടാകും. ദിനേന 600 ടൺ ഖരമാലിന്യം പ്ലാന്റിൽനിന്ന് വൈദ്യുതിയാക്കി മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നഗരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഖരമാലിന്യത്തിന്റെ 25 ശതമാനം ശാസ്ത്രീയവും സുസ്ഥിരവുമായ രീതിയിൽ നശിപ്പിക്കാൻ ഈ പ്ലാന്റ് ബി.ബി.എം.പി.യെ സഹായിക്കും. പ്ലാന്റ് സ്ഥാപിച്ചത് കെ.പി.സി.എൽ ആണെങ്കിലും മാലിന്യം പ്ലാന്റിൽ എത്തിക്കേണ്ട ചുമതല ബി.ബി.എം.പിക്കായിരിക്കും.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഖരമാലിന്യം കുന്നുകൂടിക്കിടക്കുന്നത് ഒഴിവാക്കാൻ ഈ പ്ലാന്റ് സഹായിക്കും. രാമനഗര ജില്ലയിലെ ബിഡദിയിലാണ് പ്ലാന്റ് സ്ഥാപിച്ചത്. 2020 ഡിസംബറിലാണ് പ്ലാന്റിന്റെ ശിലാസ്ഥാപനം നടന്നത്. 24 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ, കോവിഡ് കാരണം നിർമാണപ്രവർത്തനങ്ങൾ വൈകി. 2022ലാണ് നിർമാണപ്രവർത്തനം പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.