കാട്ടാനയുടെ ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു
text_fieldsബംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ കദബ താലൂക്കിലെ പുത്തൂരിൽ രണ്ടുപേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. രഞ്ജിത (21), രമേശ് റായി നയില (55) എന്നിവരാണ് മരിച്ചത്. പേരട്ക്ക പാൽ സൊസൈറ്റി ജീവനക്കാരിയായിരുന്ന രഞ്ജിത രാവിലെ ജോലിക്ക് പോകവേയാണ് കാട്ടാന ആക്രമിച്ചത്.
നിലവിളികേട്ട് രക്ഷിക്കാനെത്തിയ രമേശിനെയും കാട്ടാന ആക്രമിക്കുകയായിരുന്നു. രമേശ് സംഭവസ്ഥലത്തും രഞ്ജിത ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. ഈ മേഖലയിൽ മാസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. സ്ഥലത്തെത്തിയ വനപാലകരുമായി പ്രദേശവാസികൾ വാക്കേറ്റമുണ്ടായി.
മന്ത്രിയോ ഡെപ്യൂട്ടി കമീഷണറോ സ്ഥലത്തെത്താതെ മരിച്ചവരെ സംസ്കരില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. വനംവകുപ്പിന്റെ അനാസ്ഥയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അവർ ആരോപിച്ചു. ദിവസങ്ങൾക്കുമുമ്പ് സന്തോഷ് എന്നയാൾ പ്രദേശത്തെ കാട്ടാനശല്യം സംബന്ധിച്ച ദൃശ്യങ്ങൾ പകർത്തി യു ട്യൂബിൽ പങ്കുവെച്ചിരുന്നു.
പരാതിയെ തുടർന്ന് ഇത് പൊലീസ് നീക്കിയതും വാക്കേറ്റത്തിന് കാരണമായി. പിന്നീട് ഡി.എഫ്.ഒ സ്ഥലത്തെത്തി, കാട്ടാനയെ പിടികൂടി കാട്ടിൽ വിടുമെന്നും ഇതിനായി നാഗർഹോളയിൽനിന്നും ദുബാരെ ക്യാമ്പിൽനിന്നും പരിശീലനം ലഭിച്ച ആനകളെ കൊണ്ടുവരുമെന്നും പറഞ്ഞതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.