അടിയന്തരാവസ്ഥ: രാഹുലിന്റെ മാപ്പിനായി ബി.ജെ.പി പ്രതിഷേധം
text_fieldsബംഗളൂരു: നീതിന്യായവും നിയമവ്യവസ്ഥയും കൈയിലെടുത്ത് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യത്ത് 1975ൽ നടപ്പാക്കിയ അടിയന്തരാവസ്ഥയെ തള്ളിപ്പറയാനും ജനങ്ങളോട് മാപ്പപേക്ഷിക്കാനും രാഹുൽ ഗാന്ധി തയാറാവണമെന്ന് നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ബംഗളൂരു ഫ്രീഡം പാർക്കിലെ പഴയ സെൻട്രൽ ജയിലിന് മുന്നിൽ തിങ്കളാഴ്ച ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് എൽ.കെ. അദ്വാനി, അടൽ ബിഹാരി വാജ്പേയി ഉൾപ്പെടെ നേതാക്കളെയും മാധ്യമ പ്രവർത്തകരെയും ജയിലിലടക്കുകയായിരുന്നു ഇന്ദിര ഗാന്ധി. അന്ന് ബംഗളൂരു വി.വി പുര കോളജിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിയായിരുന്ന താൻ അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്ത് ജയിലിൽ കൊടിയ പീഡനം അനുഭവിച്ചിട്ടുണ്ട്. രാംലീല മൈതാനിയിൽ തല കുമ്പിട്ട് അടിയന്തരാവസ്ഥയിൽ മാപ്പ് പറയും വരെ ഭരണഘടന സംരക്ഷണത്തെപ്പറ്റി രാഹുൽ ഗാന്ധി മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് അശോക പറഞ്ഞു. മുൻ ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായൺ സംസാരിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.