ബന്ദിപ്പൂർ വനപാതയിൽ രാത്രി അടിയന്തര ആവശ്യക്കാരെ കടത്തിവിടും
text_fieldsബംഗളൂരു: ബന്ദിപ്പൂർ വനമേഖല ഉള്‍പ്പെടുന്ന ദേശീയപാത 766 വഴിയുള്ള രാത്രിയാത്രയിൽ അടിയന്തര ആവശ്യക്കാരെയും കടത്തിവിടാമെന്ന് കർണാടക വനംവകുപ്പ്. അടിയന്തര ഘട്ടം ബോധ്യപ്പെടുത്തുന്ന യാത്രക്കാരെ കടത്തിവിടുന്നതിൽ എതിര്‍പ്പില്ലെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ വ്യക്തമാക്കി. ബന്ദിപ്പൂരില്‍ ചേര്‍ന്ന വനം-പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരുടെയും ജില്ല അധികാരികളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ രാത്രി ഒമ്പതു മുതൽ പിറ്റേന്ന് പുലർച്ച ആറുവരെ ആംബുലന്‍സുകളും പ്രത്യേക പെര്‍മിറ്റുള്ള കേരളത്തിന്റെയും കര്‍ണാടകയുടെ അഞ്ച് ബസുകളും മാത്രമാണ് ബന്ദിപ്പൂർ വനപാതയിലൂടെ കടത്തിവിടുന്നത്. മറ്റു വാഹനങ്ങൾ രാത്രി ഒമ്പതിനു മുമ്പ് ചെക് പോസ്റ്റ് കടക്കണം.
ഈ നിബന്ധനയിൽ ഇളവുവരുത്തുന്നത് അടിയന്തര ആവശ്യങ്ങൾക്കായി യാത്രചെയ്യുന്നവർക്ക് ഉപകരിക്കും. ചെക് പോസ്റ്റിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. ചൊവ്വാഴ്ച രാത്രി വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ബന്ദിപ്പൂരില്‍ തങ്ങിയ മന്ത്രി, ഉദ്യോഗസ്ഥര്‍ക്കൊപ്പം കേരള അതിര്‍ത്തിവരെ സഞ്ചരിച്ചിരുന്നു.
2012ല്‍ ബന്ദിപ്പൂര്‍ ഉള്‍പ്പെടുന്ന ചാമരാജ് നഗര്‍ ജില്ല ഭരണകൂടമാണ് രാത്രിയാത്ര നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. രാത്രി റോഡിൽ മൃഗങ്ങള്‍ വാഹനമിടിച്ചു മരിക്കുകയും പരിക്കേൽക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. നിരോധനം നീക്കുന്നതിനായി രാത്രിയാത്ര നിരോധനത്തിനെതിരെ കേരളം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 2019ല്‍ സുപ്രീംകോടതി നിരോധനം ശരിവെച്ചു. ഈ കേസിൽ രാത്രിയാത്ര നിരോധനം സംബന്ധിച്ച തൽസ്ഥിതി അറിയിക്കാൻ സുപ്രീംകോടതി കേരള, കർണാടക സർക്കാറുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കർണാടക വനംമന്ത്രിയുടെ ബന്ദിപ്പൂർ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.