ഐ.ടി മേഖലയിൽ 14 മണിക്കൂർ ജോലി; പ്രതിഷേധവുമായി ജീവനക്കാർ
text_fieldsബംഗളൂരു: കർണാടക ഐ.ടി മേഖലയിൽ ജോലിസമയം ദിവസം 14 മണിക്കൂർ വരെയാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം. ബംഗളൂരുവിലെ വിവിധ ഐ.ടി കമ്പനികളിലെ ജീവനക്കാർ കർണാടക സ്റ്റേറ്റ് ഐ.ടി, ഐ.ടി.ഇ.എസ് എംപ്ലോയീസ് യൂനിയൻ (കെ.ഐ.ടി.യു) എന്നിവരുടെ നേതൃത്വത്തിൽ ഫ്രീഡം പാർക്ക് കേന്ദ്രീകരിച്ച് റാലി സംഘടിപ്പിച്ചു. കെ.ഐ.ടി.യു ജനറൽ സെക്രട്ടറി സുഹാസ് അഡിഗ, പ്രസിഡന്റ് വി.ജെ.കെ, വൈസ് പ്രസിഡന്റ് രശ്മി ചൗധരി എന്നിവർ സംസാരിച്ചു. ഐ.ടി ജീവനക്കാരുടെ ജോലിസമയം കൂട്ടിയാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച പഠനങ്ങൾ കെ.ഐ.ടി.യു നേതാക്കൾ ചൂണ്ടിക്കാട്ടി.
പുതിയ ഭേദഗതി തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണമാണെന്നും അത് നടപ്പാക്കാനുള്ള ഏതൊരു ശ്രമത്തെയും യൂനിയൻ ചെറുക്കുമെന്നും സുഹാസ് അഡിഗ പറഞ്ഞു. സർക്കാർ തീരുമാനം പിൻവലിക്കണമെന്നും അഭ്യർഥിച്ചു.
നിലവിലുള്ള ഒമ്പതു മണിക്കൂർ ജോലിസമയം 12 മണിക്കൂറിലേക്കുയർത്താനാണ് സർക്കാർ നീക്കം നടത്തുന്നത്. ഇതിനുപുറമേ രണ്ട് മണിക്കൂർ ഓവർടൈം ജോലിചെയ്യിക്കാനും കമ്പനിയുടമകൾക്ക് അവസരം നൽകുന്ന രീതിയിലാണ് പുതിയ ബില്ലിന്റെ കരട് നിർദേശം സർക്കാറിന്റെ പരിഗണനയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.