കൈയേറ്റം: ബംഗളൂരുവിൽ ഇല്ലാതായത് 42 തടാകങ്ങൾ
text_fieldsബംഗളൂരു: ബംഗളൂരുവിൽ കൈയേറ്റം മൂലവും മണ്ണിട്ട് നികത്തൽ മൂലവും ഇല്ലാതായത് 42 തടാകങ്ങൾ. നിയമസഭയിൽ റവന്യൂമന്ത്രി ആർ. അശോകാണ് ഇക്കാര്യം അറിയിച്ചത്. മിക്ക തടാകങ്ങളും നികത്തിയത് മന്ത്രിസഭയുടെ അനുമതിയില്ലാതെയാണ്. കഴിഞ്ഞ കാലങ്ങളിലെ കോൺഗ്രസ് സർക്കാറുകളുടെ കാലത്താണ് മിക്ക നികത്തലുകളും ഉണ്ടായതെന്നും മന്ത്രി ആരോപിച്ചു. ഇതോടെ കോൺഗ്രസും ഭരണപക്ഷവും തമ്മിൽ രൂക്ഷ വാഗ്വാദമുണ്ടായി.
മഴക്കാലത്ത് നഗരത്തിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും തുടർച്ചയായുണ്ടാകുന്ന വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് നിയമസഭയിൽ 12 മണിക്കൂർ ഭരണപ്രതിപക്ഷങ്ങൾ തമ്മിൽ വാദപ്രതിവാദമുണ്ടായിരുന്നു. 1963 മുതൽ നിരവധി കെട്ടിടങ്ങളും താമസസ്ഥലങ്ങളും ഉണ്ടാക്കിയിരിക്കുന്നത് നികത്തിയ തടാകങ്ങളിലാണെന്ന് മന്ത്രി പറഞ്ഞു. രണ്ടായിരം മുതൽ നാലായിരം മില്യൺ ക്യുബിക് അടി വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ള തടാകങ്ങളായിരുന്നു നികത്തപ്പെട്ടത്. ഇവക്ക് മുകളിലാണ് കെട്ടിടങ്ങളും നിർമാണപ്രവൃത്തികളും നടന്നിരിക്കുന്നത്.
1963ൽ രാജാജിനഗർ, 1965ൽ കോറമംഗല, '73ൽ ടഡാള്ളാസ് കോളനി, '77ൽ ദൊംലൂർ, 1978ൽ എച്ച്.എ.എൽ, എച്ച്.എ.എൽ രണ്ട്, '86ൽ എച്ച്.സ്.ആർ ഒന്ന്, രണ്ട് എന്നിവിടങ്ങളിലാണ് വ്യാപകമായി തടാകങ്ങൾ കൈയേറിയത്.
മുഖ്യമന്ത്രി ബൊമ്മൈ അധികാരത്തിലേറിയിട്ട് കുറച്ചുകാലമെ ആയിട്ടുള്ളൂ. എന്നാൽ പ്രതിപക്ഷം നിലവിലെ ബി.ജെ.പി സർക്കാറിനെയാണ് ഇക്കാര്യങ്ങളിൽ കുറ്റപ്പെടുത്തുന്നത്. മുൻകാല കോൺഗ്രസ് സർക്കാറുകളാണ് കൈയേറ്റങ്ങൾക്ക് കാരണക്കാരെന്നും റവന്യൂ മന്ത്രി ആരോപിച്ചു. എന്നാൽ സർക്കാറിന്റെ പരാജയം മറച്ചുവെക്കുകയാണ് മന്ത്രി ചെയ്യുന്നതെന്നും അതിനായി അവർ ചരിത്രം തിരയുകയാണെന്നും മുൻമന്ത്രിമാരായ കൃഷ്ണ ബൈര ഗൗഡ, കെ.ജെ. ജോർജ്, രാമലിംഗ റെഡ്ഡി എന്നിവർ ആരോപിച്ചു.
തടാകങ്ങളിലെ കൈയേറ്റവും കണ്ടെത്തി പൊളിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിയമസഭയിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നഗരത്തിലടക്കമുള്ള വിവിധ തടാകങ്ങളിൽ കൈയേറ്റം വ്യാപകമാണ്. ചിലയിടങ്ങളിൽ ഇതുമൂലം തടാകങ്ങളുടെ അളവ് തന്നെ കുറഞ്ഞിട്ടുണ്ട്. തടാകങ്ങൾ കെട്ടിത്തിരിക്കുന്ന സംഭവങ്ങളുമുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട അള്‍സൂര്‍ തടാകവും മലിനീകരണം മൂലം നശിക്കുകയാണ്. വെള്ളപ്പൊക്കത്തിനുള്ള പ്രധാന കാരണം വൻകിട ബിൽഡർമാരും ഐ.ടി കമ്പനികളും ഓവുചാലുകൾ കൈയേറി നിർമിച്ച വൻകെട്ടിടങ്ങളാണെന്ന് ബി.ബി.എം.പി കണ്ടെത്തിയിരുന്നു. അനധികൃതമായി നിര്‍മിച്ച 700-ഓളം കെട്ടിടങ്ങള്‍ നഗരത്തിലുണ്ട്. ഇത്തരം കെട്ടിടങ്ങൾ പൊളിക്കുന്ന നടപടികൾ നടക്കുകയാണ്.
തടാക കൈയേറ്റം: ജുഡീഷ്യല്‍ കമീഷന് രൂപവത്കരിക്കും -മുഖ്യമന്ത്രി
ബംഗളൂരു: നഗരത്തിലെ തടാകങ്ങളിലെയും മറ്റു ജലാശയങ്ങളിലെയും കൈയേറ്റങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമീഷന് രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
അന്വേഷണ സംഘം കൈയേറ്റങ്ങളുടെ ചരിത്രം പരിശോധിക്കുമെന്നും ഇതുവഴി ഏതു കാലത്ത് ആരാണ് തടാകങ്ങളും ജലാശയങ്ങളും കൈയേറി ലേഔട്ടുകളും റോഡുകളും സ്ഥാപിച്ചതെന്ന് അറിയാനാകുമെന്നും മുഖ്യമന്ത്രി നിയമനിര്‍മാണ കൗണ്‍സിലില്‍ പറഞ്ഞു. കൈയേറ്റം നടന്ന സമയത്ത് ആരായിരുന്നു അധികാരത്തിലിരുന്നതെന്നും പദ്ധതികള്‍ക്ക് അനുമതി നല്കിയ ഉദ്യോഗസ്ഥര്‍ ആരെല്ലാമായിരുന്നുവെന്നും പരിശോധിക്കും. ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമീഷനില്‍ സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.