ബംഗളൂരു നഗരത്തിൽ 38,947 ഏക്കർ കൈയേറ്റം
text_fieldsബംഗളൂരു: ബംഗളൂരു നഗര ജില്ലയിൽ മാത്രം 38,947 ഏക്കർ സർക്കാർ ഭൂമി സ്വകാര്യവ്യക്തികൾ കൈയേറിയതായി റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് 14,660 കേസുകൾ രജിസ്റ്റർ ചെയ്തു. യെലഹങ്ക താലൂക്കിലാണ് കൈയേറ്റവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകളുള്ളത്; 1253. 12,764 ഏക്കർ ഭൂമിയാണ് മേഖലയിൽ സ്വകാര്യ വ്യക്തികൾ കൈയേറിയത്. തൊട്ടുപിന്നിൽ ആനേക്കൽ താലൂക്കാണുള്ളത്. 1226 കേസുകളിലായി 10,531 ഏക്കർ സർക്കാർ ഭൂമി ഈ മേഖലയിൽ കൈയേറിയതായി കണ്ടെത്തി.
ബംഗളൂരു സൗത്ത് താലൂക്കിൽ 6759 കേസുകളിലായി 8,090 ഏക്കറും ബംഗളൂരു ഈസ്റ്റ് താലൂക്കിൽ 4762 കേസുകളിലായി 4475 ഏക്കറും ബംഗളൂരു നോർത്ത് താലൂക്കിൽ 660 കേസുകളിലായി 3086 ഏക്കറും ഭൂമി കൈയേറ്റം നടന്നു. ബംഗളൂരു റൂറൽ ജില്ലയിലും വ്യാപകമായ സർക്കാർ ഭൂമി കൈയേറ്റമുണ്ടായി. 12,609 ഏക്കർ ഭൂമിയാണ് റൂറൽ ജില്ലയിൽ സ്വകാര്യ വ്യക്തികൾ കൈക്കലാക്കിയത്. ഇതുമായി ബന്ധപ്പെട്ട് 8647 കേസുകൾ രജിസ്റ്റർ ചെയ്തു. ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ ജില്ലകളിലായി ആകെ 51,555 ഏക്കർ സർക്കാർ ഭൂമിയാണ് സ്വകാര്യ വ്യക്തികൾ കൈയേറിയതെന്ന് കർണാടക റവന്യൂ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കുന്ന നടപടിയും പുരോഗമിക്കുകയാണ്. ബംഗളൂരു നഗര ജില്ലയിൽ 4874 കേസുകളിലെ 16486 ഏക്കർ ഭൂമി കൈയേറ്റം ഒഴിപ്പിച്ചു. 11778 ഏക്കർ ഭൂമി ബംഗളൂരു റൂറൽ മേഖലയിലും തിരിച്ചുപിടിച്ചു.
സംസ്ഥാനത്ത് ആകെ 14.72 ലക്ഷം ഏക്കറിന്റെ കൈയേറ്റം തിരിച്ചറിഞ്ഞിട്ടുണ്ട്. കൈയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ വ്യക്തമാക്കി. കൈയേറ്റങ്ങൾക്ക് ഒത്താശ ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, സർക്കാർ ഭൂമികൾ സ്വകാര്യവ്യക്തികൾ കൈയേറുന്നത് കണ്ടെത്താൻ മൊബെൽ ആപ്പ് അധിഷ്ഠിത സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. എല്ലാ താലൂക്കുകളിലെയും സർക്കാർ ഭൂമിയുടെ വിവരങ്ങളും രേഖകളും മൊബൈൽ ആപ്പിലേക്ക് അപ്ലോഡ് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്ന് മാസത്തിലൊരിക്കൽ വില്ലേജ് അക്കൗണ്ടന്റുമാർ തങ്ങളുടെ പരിധിയിലെ സർക്കാർ ഭൂമി സന്ദർശിച്ച് കൈയേറ്റമില്ലെന്ന് ഉറപ്പുവരുത്തണം.
കൈയേറ്റമുണ്ടെങ്കിലും ഇല്ലെങ്കിലും തൽസമയ റിപ്പോർട്ട് മൊബൈൽ ആപ്പിൽ അപ്ഡേറ്റ് ചെയ്യണം. കൈയേറ്റം കണ്ടെത്തിയാൽ 15 ദിവസത്തിനകം തഹസിൽദാർ ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കും. ഈ മൊബൈൽ ആപ്ലിക്കേഷന് ജി.പി.എസിന്റെ സേവനംകൂടി ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.