കൈയേറ്റം വ്യാപകം, തടാകങ്ങൾ നശിക്കുന്നു
text_fieldsബംഗളൂരു: സംസ്ഥാനത്തെ തടാകങ്ങൾ കൈയേറ്റം മൂലം നശിക്കുന്നു. 7,663 തടാകങ്ങളിൽ വ്യാപക കൈയേറ്റം നടക്കുന്നുവെന്ന് പബ്ലിക് ലാൻഡ് കോർപറേഷൻ നടത്തിയ സർവേയിൽ കണ്ടെത്തി. വിവിധ തടാകങ്ങളുടെ 36,000 ഏക്കറോളം ഭൂമി കൈയേറിയിട്ടുണ്ട്.
സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും തടാകങ്ങളുടെ ഭാഗമായ സ്ഥലങ്ങളിൽ നിർമിതികൾ നടത്തിയിട്ടുമുണ്ട്. ആദ്യഘട്ട സർവേ നടത്തിയപ്പോൾതന്നെ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ബംഗളൂരുവിലെ 837 തടാകങ്ങളിൽ 734 ലും കൈയേറ്റം നടക്കുന്നുണ്ട്. വൻകിട പാർപ്പിട സമുച്ചയങ്ങളുൾപ്പെടെയുള്ളവയാണ് തടാകങ്ങളിൽ കൈയേറ്റം നടത്തിയത്. നേരത്തേ ബംഗളൂരു കോർപറേഷന്റെ നേതൃത്വത്തിൽ ഇത്തരം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. മലിനജലം ശുദ്ധീകരിക്കാതെ തടാകത്തിലേക്ക് തള്ളുന്നതായും കണ്ടെത്തി.
സർക്കാർ കണക്കനുസരിച്ച് സംസ്ഥാനത്ത് 40,483 തടാകങ്ങളാണുള്ളത്. ഇതിൽ പലതും കുടിവെള്ള സ്രോതസ്സുകളായി ഉപയോഗിക്കുന്നവയാണ്.
3,494 തടാകങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായി വരുകയാണെന്ന് അധികൃതർ അറിയിച്ചു. ഘട്ടംഘട്ടമായി മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിച്ച് കമ്പിവേലി സ്ഥാപിക്കാനാണ് പദ്ധതി. കൈയേറ്റം നടത്തിയവരിൽനിന്നുതന്നെ ഒഴിപ്പിക്കുന്നതിനുള്ള ചെലവ് ഈടാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനു മുന്നോടിയായി ഇവരുടെ പട്ടിക തയാറാക്കി വരുകയാണ്.
വരും ദിവസങ്ങളിലും തടാകങ്ങളിലെ സർവേ തുടരും. സർവേ പൂർത്തിയായ ശേഷം മലിനമായ തടാകങ്ങൾ നവീകരിക്കും. അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കും നവീകരണചുമതല. ഇത്തരം തടാകങ്ങളോട് ചേർന്ന് ജലസേചന പദ്ധതികളും തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.