2024 വിടപറയുമ്പോൾ
text_fieldsബംഗളൂരു: ഈ വർഷം സംസ്ഥാനത്തിന് അപ്രതീക്ഷിതമായ പല സംഭവവികാസങ്ങളുംകൊണ്ട് നിറഞ്ഞതായിരുന്നു. രാഷ്ട്രീയ കോളിളക്കങ്ങളും പ്രകൃതിദുരന്തങ്ങളും തുടങ്ങി ബോംബ് സ്ഫോടനം വരെ അതിൽപെടുന്നു. മാർച്ച് ഒന്നിന് വൈറ്റ്ഫീൽഡിലെ രാമേശ്വരം കഫേയിൽ നടന്ന ബോംബ് സ്ഫോടനമായിരുന്നു ഈ വർഷം നടന്ന പ്രധാന സംഭവങ്ങളിലൊന്ന്. കേസ് എൻ.ഐ.എ ഏറ്റെടുത്തിരുന്നു. സംഭവത്തിനുശേഷം കഫേയിൽ പരിശോധന കർശനമാക്കിയിരുന്നു.
കൊലപാതകങ്ങൾക്കും കുറവില്ല
വിവിധതരത്തിലുള്ള കൊലപാതകങ്ങൾക്കും ആത്മഹത്യകൾക്കും ഈ വർഷവും കുറവില്ല. രേണുകസ്വാമി വധക്കേസിൽ കന്നട നടൻ ദർശനും നടി പവിത്ര ഗൗഡയും മറ്റു 15 പേരും അറസ്റ്റിലായതാണ് സംസ്ഥാനം ചർച്ച ചെയ്ത പ്രധാന കേസുകളിലൊന്ന്. ദർശന്റെ ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയശേഷം കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്ന കേസിൽ ജൂൺ 11നാണ് ദർശൻ അറസ്റ്റിലാവുന്നത്.
ജൂൺ ഒമ്പതിനായിരുന്നു രേണുകസ്വാമിയുടെ മൃതദേഹം ബംഗളൂരുവിലെ കാമാക്ഷിപാളയയിൽ കണ്ടെത്തിയത്. കടുത്ത പീഡനവും രക്തസ്രാവവും മൂലമാണ് അദ്ദേഹം മരണപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. കൊല്ലപ്പെട്ട ഹുബ്ബള്ളിയിലെ നേഹ ഹിരമത്, ബംഗളൂരുവിലെ മഹാലക്ഷ്മി തുടങ്ങി പ്രണയ നൈരാശ്യം മൂലമുള്ള നിരവധി കൊലപാതകങ്ങൾക്കാണ് സംസ്ഥാനം ഈ വർഷം സാക്ഷ്യം വഹിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പ്
ഏപ്രിൽ - മേയ് മാസങ്ങളിലായി നടന്ന ലോക്സഭ തെരഞ്ഞെടുപ്പാണ് പ്രധാനപ്പെട്ടവയിലൊന്ന്. ബി.ജെ.പി - ജെ.ഡി.എസ് സഖ്യം 19 സീറ്റ് നേടിയപ്പോൾ ഇന്ത്യ മുന്നണി 9 സീറ്റ് നേടി. ബംഗളൂരു സൗത്ത്, ബംഗളൂരു സെൻട്രൽ, ബംഗളൂരു നോർത്ത്, ബംഗളൂരു റൂറൽ എന്നീ നാല് മണ്ഡലങ്ങളിലെയും സീറ്റ് ബി.ജെ.പി പിടിച്ചു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി പുറത്തായ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വിവാദങ്ങളും അതിനെത്തുടർന്നുണ്ടായ കേസുമാണ് മറ്റൊരു പ്രധാന സംഭവം. സ്ത്രീകളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന 2,900 ലധികം വിഡിയോകളാണ് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനും മുൻ ഹാസൻ എം.പിയുമായിരുന്ന പ്രജ്വലിന്റെ പേരിൽ പ്രചരിച്ചത്.
പ്രജ്വൽ രേവണ്ണ, മുഖ്യമന്ത്രി സിദ്ധരാമയ്യ
ഈ വർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഹാസൻ മണ്ഡത്തിൽനിന്ന് പ്രജ്വൽ ജനവിധി തേടിയിരുന്നു. കേസിനെ തുടർന്ന് തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് ജർമനിയിലേക്ക് കടന്ന പ്രജ്വലിനെ ഒരു മാസത്തിനുശേഷം അറസ്റ്റ് ചെയ്തു. മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഉയർന്ന അഴിമതിയാരോപണവും വാത്മീകി കോർപറേഷൻ അഴിമതി കേസും ഈ വർഷം സർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു.
സെപ്റ്റംബറിൽ നെലമംഗലയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെ കല്ലേറുണ്ടാവുകയും തുടർന്നുണ്ടായ സംഘർഷവും പ്രദേശത്തെ വർഗീയ സംഘർഷത്തിലേക്ക് നയിക്കുമോയെന്ന ആശങ്ക സൃഷ്ടിച്ചിരുന്നു. ഡിസംബർ 10ന് മുൻമുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരണവും ഈ വർഷത്തെ സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടേണ്ടതാണ്. ബംഗളൂരുവിന്റെ മുഖച്ഛായ മാറ്റിയെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തിയായിരുന്നു എസ്.എം. കൃഷ്ണ.
വിട്ടൊഴിയാത്ത പ്രകൃതി ദുരന്തങ്ങൾ
സംസ്ഥാനം പ്രകൃതി ദുരന്തങ്ങളാൽ വലഞ്ഞ വർഷം കൂടിയാണ് കഴിഞ്ഞുപോകുന്നത്. ഏപ്രിലിലെ കടുത്ത വരൾച്ചയാണ് അതിലൊന്ന്. ബംഗളൂരുവിലടക്കം കടുത്ത ജലക്ഷാമമാണ് അനുഭവപ്പെട്ടിരുന്നത്. കാവേരി ജലമെത്തിക്കലും ശുദ്ധീകരിച്ച ജലമുപയോഗിക്കലും എയ്റേറ്റർ സ്ഥാപിക്കലുമടക്കം ബി.ബി.എം.പി പല നിയന്ത്രണങ്ങളും കൊണ്ടുവന്നിരുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും ജലക്ഷാമം മൂലം കർഷകരും ദുരിതത്തിലായി. 40 വർഷത്തിനിടെ ആദ്യമായാണ് ഏപ്രിലിൽ മഴ ലഭിക്കാതിരുന്നതെങ്കിൽ മേയ് മാസം അധിക മഴ ലഭിച്ചതാണ് മറ്റൊരു സംഭവം. അധിമഴയിൽ പലയിടത്തും കൃഷി നാശങ്ങളുമുണ്ടായി. ബംഗളൂരുവിൽ പലയിടങ്ങളിലും വെള്ളം പൊങ്ങിയിരുന്നു.
തീരമേഖലകളിൽ പശ്ചിമ ഘട്ടത്തിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഈ വർഷം വ്യാപകമായിരുന്നു. 46 മണ്ണിടിച്ചിലിൽ നിന്നായി 12 പേർ മരണപ്പെട്ടുവെന്നാണ് സർക്കാറിന്റെ കണക്ക്. ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ മലയാളിയായ ലോറി ഡ്രൈവർ അർജുൻ ലോറിയടക്കം മണ്ണിനടിയിൽപ്പെട്ട് മരണപ്പെട്ടിരുന്നു.
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.