കർണാടകയിൽ എൻജിനീയറിങ് സീറ്റ് തട്ടിപ്പ്; 10 പേർ അറസ്റ്റിൽ
text_fieldsബംഗളൂരു: കർണാടകയിൽ എൻജിനീയറിങ് സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കർണാടക പരീക്ഷ അതോറിറ്റി ജീവനക്കാരനടക്കം 10 പേർ അറസ്റ്റിൽ. അറസ്റ്റിലായ മറ്റുള്ളവർ ഇടനിലക്കാരും എൻജിനീയറിങ് കോളജ് ജീവനക്കാരുമാണെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു.
കോഴ്സുകളിൽ ചേരാൻ താൽപര്യമില്ലാത്ത വിദ്യാർഥികളെ ഉപയോഗിച്ച് ലോഗിൻ ഐഡിയും പാസ്വേഡും ഉണ്ടാക്കിയ ശേഷം ഇതുപയോഗിച്ച് ചില കോളജുകളിൽ ഓപ്ഷൻ എൻട്രി നൽകുകയാണ് തട്ടിപ്പുരീതി. ഇത്തരത്തിൽ 52 വിദ്യാർഥികളുടെ ലോഗിൻ വിവരങ്ങൾ തട്ടിപ്പുസംഘം ഉപയോഗപ്പെടുത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. ബി.എം.എസ് എൻജിനീയറിങ് കോളജ്, ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്, ന്യൂ ഹൊറൈസൺ കോളജ് ഓഫ് എൻജിനീയറിങ് എന്നീ കോളജുകളിലെ ഗവ. ക്വോട്ട സീറ്റുകളാണ് ഇത്തരത്തിൽ തട്ടിപ്പുകാർ തടഞ്ഞുവെച്ചത്. ഇതോടെ യോഗ്യതയുള്ള വിദ്യാർഥികൾക്ക് സീറ്റ് നഷ്ടമാവുകയും സ്വകാര്യ സീറ്റിന് ആവശ്യക്കാരേറുകയും ചെയ്യും. തട്ടിപ്പ് തിരിച്ചറിയാതിരിക്കാൻ വിവിധ ലൊക്കേഷനുകളിൽനിന്ന് മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും ഉപയോഗിച്ചാണ് പ്രതികൾ ലോഗിൻ ചെയ്തിരുന്നത്. ലോഗിൻ ചെയ്യാനുപയോഗിച്ച ഏതാനും ഫോണുകളും ലാപ്ടോപും പിടിച്ചെടുത്തതായും 13 മൊബൈൽ ഫോണുകളും മൂന്ന് ലാപ്ടോപുകളും നിരവധി മറ്റു രേഖകളും പ്രതികൾ കത്തിച്ചുകളഞ്ഞതായും പൊലീസ് പറഞ്ഞു.
2024 -25 അക്കാദമിക വർഷത്തെ എൻജിനീയറിങ് ബിരുദ പ്രവേശനത്തിൽ സീറ്റ് ബ്ലോക്കിങ് നടക്കുന്നതായി സംശയമുന്നയിച്ച് കർണാടക പരീക്ഷ അതോറിറ്റി (കെ.ഇ.എ) അധികൃതർ നവംബർ 13ന് ബംഗളൂരു മല്ലേശ്വരം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മൂന്ന് സ്വകാര്യ എൻജിനീയറിങ് കോളജുകളിലെ മാനേജർമാരെ ചോദ്യം ചെയ്തതിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. സംഭവത്തിൽ വിശദ അന്വേഷണം നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.