ആവേശമായി സ്ത്രീശക്തി യാത്ര പദ്ധതി സാമൂഹികനീതിക്കായി -സിദ്ധരാമയ്യ
text_fieldsബംഗളൂരു: സംസ്ഥാനത്ത് സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ശക്തി പദ്ധതി സാമൂഹിക നീതിക്കായാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വിധാൻസൗധയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ തൊഴിലിടങ്ങളിലെ സ്ത്രീ പ്രാതിനിധ്യം ബംഗ്ലാദേശ്, ഇന്തോനേഷ്യ, യു.എസ് എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ കുറവാണ്. സ്ത്രീകൾ കഴിഞ്ഞ കാലങ്ങളിൽ പലവിധത്തിൽ ചൂഷണം ചെയ്യപ്പെട്ടതിനാലാണിത്. സൗജന്യയാത്ര സൗകര്യം തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബി.ജെ.പി സർക്കാർ പണക്കാർക്ക് വേണ്ടി മാത്രമാണ് പ്രവർത്തിച്ചത്. എന്നാൽ, കോൺഗ്രസ് സർക്കാർ എല്ലാവർക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അധികാരമേറ്റ് 20 ദിവസങ്ങൾക്കുള്ളിൽ ആദ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ഉച്ചക്ക് 1.30ഓടെ പദ്ധതി ഉദ്ഘാടനം കഴിഞ്ഞയുടൻ സംസ്ഥാനത്തെ സർക്കാർ ഓർഡിനറി ബസുകളിലെല്ലാം സ്ത്രീകൾക്ക് കണ്ടക്ടർമാർ സൗജന്യ ടിക്കറ്റുകൾ നൽകിത്തുടങ്ങി. മെട്രോയിലടക്കം സ്ഥിരമായി യാത്ര ചെയ്തിരുന്ന നിരവധി യാത്രക്കാരാണ് ഞായറാഴ്ചയോടെ ബസുകളിലേക്ക് യാത്ര മാറ്റിയത്. തൊഴിലിനും മറ്റുമായി ദിനേന ബസുകളിൽ യാത്ര നടത്തുന്ന ആയിരക്കണക്കിന് സാധാരണ സ്ത്രീകൾക്ക് ഏറെ ആശ്വാസമാണ് ശക്തി പദ്ധതിയെന്ന് ആദ്യദിനമായ ഞായറാഴ്ച യാത്ര നടത്തിയ സ്ത്രീകൾ പറഞ്ഞു.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി), ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) , നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എൻ.ഡബ്ല്യു.കെ.ആർ.ടി.സി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.കെ.ആർ.ടി.സി) എന്നീ നാല് സ്ഥാപനങ്ങളുടെ സിറ്റി, ഓർഡിനറി, എക്സ്പ്രസ് ബസുകളിൽ ആനുകൂല്യം ലഭ്യമാണ്. ആഡംബര ബസുകളായ രാജഹംസ, നോൺ എ.സി. സ്ലീപ്പർ, വജ്ര, വായു വജ്ര, ഐരാവത്, ഐരാവത് ക്ലബ് ക്ലാസ്, ഐരാവത് ഗോൾഡ് ക്ലാസ്, അംബാരി, അംബാരി ഡ്രീം ക്ലാസ്, അംബാരി ഉത്സവ് ഫ്ലൈ ബസ്, ഇ.വി. പവർ പ്ലസ് എന്നിവയിൽ സൗജന്യ യാത്ര അനുവദിക്കില്ല. ആദ്യദിനത്തിൽ തന്നെ ഓരോ ബസിലും 500ഓളം സ്ത്രീകളാണ് പദ്ധതി ആനുകൂല്യം ഉപയോഗിച്ചതെന്നും കണ്ടക്ടർമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.