രാജ്യോത്സവ പുരസ്കാരജേതാവായ പരിസ്ഥിതി പ്രവര്ത്തകൻ മരിച്ചനിലയില്‍
text_fieldsബംഗളൂരു: ദാവണഗെരെയില്‍ പരിസ്ഥിതി പ്രവര്‍ത്തകനും സംസ്ഥാന സര്‍ക്കാറിന്റെ രാജ്യോത്സവ പുരസ്കാരജേതാവുമായ വീരാചാരി (68)നെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം. ഗുഡ്സ് ഓട്ടോയില്‍ വൃക്ഷത്തൈകള്‍ വിവിധ പ്രദേശങ്ങളിലെത്തിച്ച് നടുന്നതായിരുന്നു വീരാചാരിയുടെ രീതി. നിരവധി ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ദാവണഗെരെയിലും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ റേഷന്‍ കടകളില്‍ അരിയും മറ്റ് ധാന്യങ്ങളും മറിച്ചുവില്‍ക്കുന്നതായും അളവില്‍ കൃത്രിമം കാട്ടുന്നതായും ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് വീരാചാരി പരാതി നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും റേഷന്‍ കട നടത്തിപ്പുകാര്‍ക്കെതിരെ നടപടിയോ പരിശോധനയോ ഉണ്ടായില്ല. ഇതിനെത്തുടര്‍ന്നുണ്ടായ വിഷമം കഴിഞ്ഞദിവസങ്ങളില്‍ ഇദ്ദേഹം സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു.
റേഷന്‍ കടകളില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് പരാതികള്‍ നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ മനംനൊന്താണ് വീരാചാരി ജീവനൊടുക്കിയതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധവും നടത്തി. സംഭവത്തില്‍ ഹരിഹരനഗര്‍ റൂറല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.