ബഷീർ മനുഷ്യത്വസങ്കൽപത്തെ വികസിപ്പിച്ച എഴുത്തുകാരൻ -ഇ.പി. രാജഗോപാലൻ
text_fieldsബംഗളൂരു: മലയാള ഭാഷയുടെ അതിരുകൾ മാറ്റുകയും മനുഷ്യത്വസങ്കൽപത്തെ വികസിപ്പിക്കുകയും ചെയ്ത വൈക്കം മുഹമ്മദ് ബഷീർ മനുഷ്യർക്കും പ്രകൃതിക്കും തുല്യ പ്രാധാന്യം നൽകിയ സ്നേഹമൂർത്തിയായിരുന്നെന്ന് എഴുത്തുകാരൻ ഇ.പി. രാജഗോപാലൻ. കേരളസമാജം ദൂരവാണിനഗർ നടത്തിയ ബഷീർ അനുസ്മരണ പരിപാടിയിൽ ‘ബഷീറിന്റെ കഥകളും കാലവും’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിപുലമായ വായനയല്ല, ഇന്ത്യയിലും ഇതര ദേശങ്ങളിലും സന്യാസിയായും മാന്ത്രികനായും മറ്റു പലതായും നടത്തിയ സഞ്ചാരകാലത്തുണ്ടായ തീവ്രഅനുഭവങ്ങളാണ് അദ്ദേഹത്തിന്റെ സർഗാത്മക ആവിഷ്കാരങ്ങൾക്ക് ഊർജം പകർന്നത്. സർഗാത്മകതയും ദാർശനികതയും ഉന്മാദവും ഇഴചേർന്നു പ്രത്യക്ഷപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. എല്ലാ തിന്മകളും മാറുമെന്ന് ബഷീറിന്റെ കാലത്ത് പ്രതീക്ഷയുണ്ടായിരുന്നു. ഇന്ത്യയിൽ മാത്രം നിലവിലുള്ള വിവേചനതന്ത്രമായ ജാതിയെങ്കിലും മാറുമെന്ന് ബഷീറിനെപ്പോലുള്ള എല്ലാ നല്ല എഴുത്തുകാരും പ്രതീക്ഷിച്ചതാണ്. എന്നാൽ, വേർതിരിവുകൾ കൂടുകയാണ്. മുതലാളിത്തമാണ് സുഖമെന്ന് ഇരകളാകുന്നവർപോലും കരുതുന്ന കാലത്ത് നമ്മൾ നമ്മളിൽതന്നെ ബന്ധിതരാണ്. ഈ കാലത്തെ പ്രതിരോധിക്കാൻ ബഷീർ ഓർമകൾ കരുത്ത് പകരട്ടെ എന്ന് അദ്ദേഹം പറഞ്ഞു.
സമാജം വൈസ് പ്രസിഡന്റ് എം.പി. വിജയൻ അധ്യക്ഷത വഹിച്ചു. കെ.വി. സുരേന്ദ്രൻ, എഴുത്തുകാരി ബ്രിജി, രതി സുരേഷ്, സ്മിത വത്സല, സൗദ റഹ്മാൻ, ഹസീന ഷിയാസ് എന്നിവർ ബഷീറിന്റെ ചെറുകഥകളിൽ ഒന്നായ ‘ജന്മദിനം’ എന്ന ചെറുകഥ വായനയിൽ പങ്കെടുത്തു. സമാജം ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ ആമുഖ പ്രഭാഷണം നടത്തി. വി.കെ. സുരേന്ദ്രൻ, കെ. ചന്ദ്രശേഖരൻ നായർ, ശാന്തകുമാർ എലപ്പുള്ളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സ്മിത വത്സല, ഷമീമ, സൗദ റഹ്മാൻ എന്നിവർ കവിതകൾ ആലപിച്ചു. സി. കുഞ്ഞപ്പൻ, പി. ഗീത, എം.കെ. ചന്ദ്രൻ, പി.സി. ജോണി എന്നിവരും പങ്കെടുത്തു. സ്കൂൾ സെക്രട്ടറി കെ. ചന്ദ്രശേഖരക്കുറുപ്പ് സ്വാഗതവും എം.പി. വിജയൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.