അപസ്മാരം: ആല്‍ഗരിതം വികസിപ്പിച്ച് ഗവേഷകര്‍
text_fieldsബംഗളൂരു: എളുപ്പത്തിലും കൃത്യതയോടെയും അപസ്മാരം കണ്ടുപിടിക്കാനും ഏതു വിഭാഗത്തിലുള്ളതാണെന്ന് തിരിച്ചറിയാനും സാധിക്കുന്ന ആല്‍ഗരിതം വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐ.ഐ.എസ്.സി) ഗവേഷകര്‍. തലച്ചോറിന്‍റെ ക്രമരഹിതമായ സിഗ്‌നലുകളുടെ ഉൽഭവസ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് അപസ്മാരത്തെ തരംതിരിക്കുന്നത്.
കാര്യക്ഷമവും വേഗത്തിലുള്ളതുമായ രോഗനിര്‍ണയവും തരംതിരിക്കലും നടത്താന്‍ ന്യൂറോളജിസ്റ്റുകളെ സഹായിക്കുന്ന രീതിയാണിത്. ഐ.ഐ.എസ്.സിയിലെ ഡിപ്പാർട്‌മെന്‍റ് ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് എന്‍ജിനീയറിങ് (ഡി.ഇ.എസ്.ഇ) അസി. പ്രഫസര്‍ ഹാര്‍ദിക് ജെ. പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ആല്‍ഗരിതം വികസിപ്പിച്ചത്. ഋഷികേശിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ (എ.ഐ.ഐ.എം.എസ്) സഹകരണവുമുണ്ട്.
ആല്‍ഗരിതത്തിനുള്ള പേറ്റന്‍റിന് അപേക്ഷിച്ചിട്ടുണ്ടെന്നും വിശ്വാസ്യതക്കായി എയിംസ് ഋഷികേശിലെ വിദഗ്ധര്‍ പരിശോധിച്ചുവരുകയാണെന്നും ക്ലിനിക്കല്‍ പരിശോധനയും നടത്തേണ്ടതുണ്ടെന്നും ഡി.ഇ.എസ്.ഇ അസി. പ്രഫസര്‍ ഹാര്‍ദിക് ജെ. പാണ്ഡ്യ പറഞ്ഞു. നിലവില്‍ അപസ്മാരരോഗിയെ തിരിച്ചറിയാന്‍ സ്വീകരിക്കുന്ന മാര്‍ഗത്തിന് ഒരുപാട് സമയം ആവശ്യമാണെന്നും പിശകുകള്‍ സംഭവിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡി.ഇ.എസ്.ഇയിലെ ഗവേഷക വിദ്യാര്‍ഥിയായ രതിന്‍ കെ. ജോഷി തന്‍റെ ഗവേഷണ വിഷയമായി ഈ വിഷയം തിരഞ്ഞെടുത്തിട്ടുണ്ട്. 'ബയോമെഡിക്കല്‍ സിഗ്നല്‍ പ്രോസസിങ് ആന്‍ഡ് കൺട്രോള്‍' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ആല്‍ഗരിതം വികസിപ്പിക്കുന്നതിനായി ഗവേഷകര്‍ ഋഷികേശ് എ.ഐ.ഐ.എം.എസിലെ 88 വ്യക്തികളില്‍ തലച്ചോറിലെ നാഡീവ്യൂഹ കോശങ്ങള്‍ ജനിപ്പിക്കുന്ന സിഗ്‌നലുകള്‍ രേഖപ്പെടുത്തുന്ന വൈദ്യ പരിശോധന (ഇലക്ട്രോഎന്‍സെഫലോഗ്രാം) നടത്തി.
ഓരോരുത്തരെയും 45 മിനിറ്റ് പരിശോധനക്ക് വിധേയമാക്കി. ആദ്യത്തെ പത്ത് മിനിറ്റ് ഉണര്‍ന്നിരിക്കുമ്പോഴും ബാക്കി 35 മിനിറ്റ് ഉറക്കസമയത്തുമാണ് പരിശോധിച്ചത്. പിന്നീട് വിവരങ്ങളെ വിശകലനം ചെയ്ത് വ്യത്യസ്ത തരംഗ പാറ്റേണുകളെ മൂര്‍ച്ചയുള്ള സിഗ്‌നലുകള്‍, വേഗം കുറഞ്ഞ തരംഗങ്ങള്‍, സ്‌പൈക്കുകള്‍ എന്നിങ്ങനെ തരംതിരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.